ന്യൂദൽഹി - സ്വവർഗ വിവാഹം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് പി.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഏപ്രിൽ 18ന് ഹർജികൾ പരിഗണിക്കും. വാദം തത്സമയം ജനങ്ങളെ കാണിക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക.
സ്വവർഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഹൈക്കോടതിയിലെ ഹർജികളും സുപ്രിം കോടതിയിലേക്ക് മാറ്റാൻ ഉത്തരവിട്ടിരുന്നു. അങ്ങനെ കേരള ഹൈക്കോടതിക്ക് മുന്നിലുള്ള കേസുകൾ അടക്കമാണ് സുപ്രിം കോടതിയിലേക്ക് മാറ്റിയത്.
പത്തു വർഷമായി ഹൈദരാബാദിൽ ഒന്നിച്ചു കഴിയുന്ന സ്വവർഗ പങ്കാളികൾ ഉൾപ്പെടെയുള്ളവരുടെ ഹരജികളാണ് ഏപ്രിൽ 18 മുതൽ സുപ്രീം കോടതി പരിഗണിക്കുക.. മതവിവാഹ നിയമങ്ങളല്ല പ്രത്യേക വിവാഹ നിയമത്തിലാണ് മാറ്റം തേടുന്നതെന്നും പ്രായപൂർത്തിയായ ആളുകൾക്ക് ലിംഗവിത്യാസമില്ലാതെ, ഇഷ്ടമുള്ള ആളുകളോടൊപ്പം വിവാഹജീവിതം നയിക്കാനാവണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യത്തിന് കേന്ദ്ര സർക്കാർ എതിരാണ്. വിവിധ മതസമൂഹങ്ങളും ഈ ആവശ്യത്തിന് എതിരാണ്. സ്വവർഗ വിവാഹങ്ങൾ ഭാരത കുടുംബസങ്കൽപ്പത്തിനും ധാർമിക സങ്കൽപ്പങ്ങൾക്കും എതിരാണെന്നതാണ് വിമർശകരുടെ അഭിപ്രായങ്ങൾ. വിവാഹം എന്ന സങ്കൽപ്പം എതിർലിംഗത്തിലുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള ഐക്യത്തെ മുൻനിർത്തിയാണെന്നും നിയമപരമായ വ്യാഖ്യാനങ്ങൾ ഉയർത്തി അതിന് തുരങ്കംവെക്കാൻ പാടില്ലെന്നും കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എതിർ ലിംഗത്തിലുള്ള രണ്ടുപേർ തമ്മിലുള്ള ഐക്യമാണ് വിവാഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ അടിത്തറ. വിവാഹവുമായി ബന്ധപ്പെട്ടു രാജ്യത്ത് നിലവിലുള്ള വ്യക്തിനിയമങ്ങൾ ഇതിന് അടിവരയിടുന്ന സാഹചര്യത്തിൽ ഇതിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ല. സ്വവർഗ പങ്കാളികൾ ഒരുമിച്ചു ജീവിക്കുന്ന ലിവിംഗ് ടുഗദർ മാതൃകയിലുള്ള ബന്ധങ്ങൾ ഇന്ത്യൻ കുടുംബസങ്കല്പവുമായി താരതമ്യം ചെയ്യാവതല്ല. ഇത്തരം വിവാഹങ്ങളെ മൗലികാവകാശങ്ങളിൽ പെടുത്താനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
വിവാഹം എന്നതിലൂടെ ഭരണഘടനയിൽ അർത്ഥമാക്കുന്നത് എതിർലിംഗ വിവാഹങ്ങളാണെന്നും ഭരണകൂടത്തിന്റെയും സാമൂഹിക സംവിധാനങ്ങളുടെയും നിലനില്പിന് എതിർലിംഗ വിവാഹങ്ങൾക്കു മാത്രമാണ് നിയമപരമായ സാധുതയുള്ളതെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.