ന്യൂദല്‍ഹി- രാഹുല്‍ ഗാന്ധിക്കെതിരായ പ്രധാനമന്ത്രിയുടെ വിമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.
ലണ്ടന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കര്‍ണാടകയില്‍ വിമര്‍ശിച്ചിരുന്നു. നിങ്ങളുടെ നയങ്ങളെ വിമര്‍ശിക്കുന്നത് എപ്പോഴാണ് രാജ്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമായത്?. നിങ്ങള്‍ പ്രധാനമന്ത്രി മാത്രമാണ്. രാജ്യമോ, ദൈവമോ അല്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലണ്ടനിലെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ടെങ്കില്‍, അത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. ആഗോള വേദികളില്‍ ഇന്ത്യയുടെ ആധിപത്യം വളരുമ്പോള്‍ ചിലര്‍ വിദേശത്തു ചെന്ന് രാജ്യത്തെ വിമര്‍ശിക്കുകയാണെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.