ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തു, വിജയിയെപ്പോലെ കവിത മടങ്ങി

ന്യൂദല്‍ഹി- ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്) നേതാവുമായ കെ. കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒമ്പതു മണിക്കൂറോളം ചോദ്യം ചെയ്തു. മാര്‍ച്ച് 16ന് വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണു കവിത ദല്‍ഹിയിലെ ഇ.ഡി ഓഫീസില്‍ എത്തിയത്. കവിതയെ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി ബി.ആര്‍.എസ് പ്രവര്‍ത്തകര്‍ ഇ.ഡി ഓഫിസിന് പുറത്ത് തമ്പടിച്ചു.
മദ്യ ലൈസന്‍സ് അഴിമതിക്കേസില്‍ ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു കവിതക്ക് ഇ.ഡി സമന്‍സ് നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകാനാണ് ഇ.ഡി നിര്‍ദേശിച്ചിരുന്നതെങ്കിലും കവിത ഇന്നലെത്തേക്കു സമയം നീട്ടി ചോദിക്കുകയായിരുന്നു. സ്ത്രീ സംവരണ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് മറ്റു പ്രതിപക്ഷ കക്ഷികളെയും വനിതാ സംഘടനകളെയും അണിനിരത്തി ദല്‍ഹിയില്‍ നിരാഹാര സമരം നടത്തുന്നതു ചൂണ്ടിക്കാട്ടിയാണ് സമയം നീട്ടി ചോദിച്ചത്.
കവിതയെ ഇ.ഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനയുമായി തെലങ്കാന മുഖ്യമന്ത്രിയും ബി.ആര്‍.എസ് നേതാവുമായ കെ. ചന്ദ്രശേഖര്‍ റാവു രംഗത്തെത്തിയിരുന്നു. കവിതയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ കടുത്ത പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ചന്ദ്രശഖര്‍ റാവു, ബി.ആര്‍.എസിനെ ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ ഫലം കാണില്ലെന്നും വ്യക്തമാക്കി.
ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളി മദ്യവ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ലൈസന്‍സ് അഴിമതിയില്‍ കവിതയുടെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ഇയാളില്‍നിന്നു ലഭിച്ചതായാണു സൂചന. ഇയാള്‍ക്കൊപ്പമിരുത്തി കവിതയെ ചോദ്യം ചെയ്യാനും നീക്കമുണ്ട്.

 

Latest News