ന്യൂദല്‍ഹി- രാജ്യത്ത് പകര്‍ച്ചപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ എഎച്ച്3എന്‍2 ഇന്‍ഫഌവന്‍സ വൈറസ് വ്യാപനത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കി. വൈറസ് കേസുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവരുന്നതിനിടെ രണ്ടു പേരാണ് മരണത്തിനു കീഴടങ്ങിയത്. സ്ഥിതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി മന്ത്രി ട്വീറ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ കേസുകളെ വര്‍ധനയെ കുറിച്ച് വെള്ളിയാഴ്ച മന്ത്രി വിളിച്ചുചേര്‍ത്ത യോഗം ചര്‍ച്ച ചെയ്തു.
മറ്റു ഇന്‍ഫഌവന്‍സ വൈറസ് കേസുകളെ അപേക്ഷിച്ച് എഎച്ച്3എന്‍2 ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കൂടുതല്‍ പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നതോടെയാണ് സ്ഥിതി ഗുരുരതരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന നിഗമനം.
പനിയും ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന തീവ്രമായ ചുമയും ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. കോവിഡിനോട് പൊരുതിയ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാപിക്കുന്ന പകര്‍ച്ചപ്പനി ഇന്‍ഫ് ളുവന്‍സ വൈറസ് മൂലമാണെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നേരത്തെ വ്യക്തമാക്കിയിരുന്നു.