പ്രായം കൂടുന്നത് തടയാൻ നമുക്ക് കഴിയില്ല. എന്നാൽ അതിന്റെ വേഗത്തെ നമുക്ക് പതുക്കെയാക്കാൻ കഴിയും. പ്രായമാകുന്നതിനനുസരിച്ച് ചർമത്തിന്റെ ഘടനയിലും മാറ്റം വരുന്നു. ഇത് ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്താൻ ഇടയാക്കുന്നു. ചർമത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിർത്തുന്നത് കൊളാജിനാണ്. ചർമത്തിലെ കൊളാജിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ വേണം കഴിക്കാൻ. അത്തരത്തിലെ ചർമ സംരക്ഷണത്തിനായി കഴിക്കേണ്ട ചില പഴങ്ങളുണ്ട്.
ചർമത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിർത്താൻ സഹായിക്കുന്ന കൊളാജിൻ വർധിപ്പിക്കാൻ അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ചർമത്തിലെ ജലാംശം നിലനിർത്താനും ഇത് സഹായിക്കുന്നു. അവക്കാഡോയ്ക്ക് എണ്ണ ഉൽപാദിപ്പിക്കാനുള്ള കഴിവുണ്ട്. ഒപ്പം അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു. അതിനാൽ ചർമം കൂടുതൽ ചെറുപ്പമായി തോന്നുകയും ചെയ്യുന്നു.
മറ്റൊന്ന് തക്കാളിയാണ്. ഇത് ആന്റി ഓക്സിഡന്റ് ഘടകങ്ങളാൽ സമ്പന്നമാണ്. ഇത് ചർമത്തിൽ ഉണ്ടാകുന്ന ചുളിവുകൾ നീക്കം ചെയ്യുന്നു. സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുന്ന സ്വാഭാവിക ആവരണമായി പ്രവർത്തിക്കാനും സഹായിക്കുന്നു.
സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ എന്നിവ ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ചർമത്തിൽ ഉണ്ടാകുന്ന ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഏജിംഗ് എന്നീ ഘടകങ്ങൾ ചർമത്തിന് വളരെ നല്ലതാണ്. വെളുത്തുള്ളി കഴിക്കുന്നത് കൊളാജിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ധാരാളം ആന്റി ഓക്സിഡന്റുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ചീര. ഇത് ചർമത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
അതേപോലെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് മുഖക്കുരു. പല കാരണങ്ങൾ കൊണ്ടാണ് മുഖത്ത് കുരുക്കൾ ഉണ്ടാകുന്നത്. ഇവയിൽ ചിലത് പാടുകളായി മുഖത്ത് തന്നെ നിൽക്കാറുണ്ട്. മുഖക്കുരു മാറ്റി മുഖം ക്ലിയറാക്കി എടുക്കാൻ പുതിനയില ഉപയോഗിക്കാം. പണച്ചെലവ് ഇല്ലാതെ എളുപ്പത്തിൽ എങ്ങനെ പുതിനയില ഫേസ്പാക്ക് ഉണ്ടാക്കാനാവും.
മുഖക്കുരു അകറ്റാൻ ഏറ്റവും നല്ല ഫേസ്പാക്കാണ് പുതിനയിലയും റോസ് വാട്ടറും. ആദ്യം പത്ത് പുതിനയില എടുക്കുക. ഇതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ ചേർത്ത് നന്നായി അരച്ച് എടുക്കണം. ഇത് പേസ്റ്റ് രൂപത്തിലാകുമ്പോൾ മുഖത്ത് പുരട്ടുക. ഉണങ്ങിക്കഴിയുമ്പോൾ കഴുകിക്കളയാം.
തേനും പുതിനയിലയും മുഖത്തെ പാടും കുരുക്കളും അകറ്റാൻ നല്ലതാണ്. ആദ്യം ആവശ്യമായ പുതിനയില എടുക്കുക. ഇതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. ശേഷം ഇവ നന്നായി അരച്ച് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ഉണങ്ങിക്കഴിയുമ്പോൾ സാധാരണ വെള്ളത്തിൽ കഴുകിക്കളയാം. മിക്കവരെയും അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് താരൻ. ഇതുമൂലം മുടികൊഴിച്ചിലും മുഖക്കുരുവുമടക്കമുള്ള നിരവധി സൗന്ദര്യ പ്രശ്‌നങ്ങളും ഉണ്ടാകും. താരനകറ്റാൻ മാർക്കറ്റിൽ കിട്ടുന്ന ഷാംപുകളും മറ്റും വാങ്ങി ഉപയോഗിക്കുന്നവരും ഒരുപാടുണ്ട്. പോക്കറ്റ് കാലിയാകാതെ, യാതൊരു പാർശ്വഫലങ്ങളുമില്ലാതെ താരനകറ്റാനുള്ള നല്ലൊരു ഔഷധമാണ് തൈരും മുട്ടയും. തൈരിൽ ആന്റി ഇൻഫ്ലമേറ്ററി, ആന്റിബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് താരന് അകറ്റാൻ സഹായിക്കും.