മലപ്പുറം-തീവണ്ടി യാത്രക്കിടെ വീണു പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കും. നിലമ്പൂർ അമരമ്പലം ഏമങ്ങാട് തെക്കുമ്പുറത്ത് വീട്ടിൽ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് നിഹാലാണ് മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്‌നിക് കോളേജിലെ അവസാന വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർത്ഥിയായിരുന്നു നിഹാൽ പഠനയാത്രയുടെ ഭാഗമായി ദൽഹിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കോളേജിലെ അവസാന വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർത്ഥികളായ 52 പേരും മൂന്ന് കോളേജ് ജീവനക്കാരും ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ദൽഹിയിലേക്ക് യാത്ര പുറപ്പെട്ടത്. ചൊവാഴ്ച മൂന്ന് മണിയോടെ മുംബൈ കല്ല്യാൺ സ്‌റ്റേഷന് സമീപമാണ് സംഭവം.
ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരമെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതമായതിനാൽ മുംബൈ സയണിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയ നടത്തി ചികിത്സയിൽ തുടരവെ വ്യാഴാഴ്ച വൈകുന്നേരമാണ് നിഹാൽ മരണമടഞ്ഞത്.