ബ്യൂണസ് അയേഴ്‌സ്- ഇസ്രയേലുമായുള്ള സൗഹൃദ ഫുട്‌ബോൾ മത്സരം അർജന്റീന റദ്ദാക്കി. അർജന്റീന ഫുട്‌ബോൾ ഫെഡറേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശരിയായ കാര്യം ചെയ്തുവെന്നാണ് ഫുട്‌ബോൾ മത്സരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അർജന്റീനൻ താരം ഹിഗ്വെയൻ പ്രതികരിച്ചത്. ഈ മാസം പതിനാറിന് റഷ്യയിൽ തുടങ്ങുന്ന ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ചുള്ള അർജന്റീനയുടെ അവസാന സന്നാഹമത്സരമായിരുന്നു ഇത്. എന്നാൽ, ലോകം മുഴുവനുള്ള അർജന്റീനയുടെ ഫുട്‌ബോൾ ആരാധകരിൽ ഭൂരിഭാഗവും ഇസ്രായേലുമായുള്ള മത്സരം ഒഴിവാക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. തുടർന്നാണ് സൂപ്പർ താരം മെസിയുടെ കൂടി ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ അർജന്റീന മത്സരത്തിൽനിന്ന് പിൻവാങ്ങിയത്. മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ അർജന്റീനൻ പ്രസിഡന്റ് മൗറീഷ്യോ മക്രിയെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ തീരുമാനത്തിൽനിന്ന് പിറകോട്ടില്ലെന്നാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ തീരുമാനം.
അർജന്റീനയുടെ തീരുമാനത്തെ ഫലസ്തീൻ സ്വാഗതം ചെയ്തു. ഫലസ്തീനിലെ റാമല്ലയിൽ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങി അർജൻീനയുടെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. മെസിക്കും അർജന്റീനയുടെ കളിക്കാർക്കും നന്ദി പറഞ്ഞ് ഫലസ്തീൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസ്താവന പുറത്തിറക്കി. കളി റദ്ദാക്കിയതിലൂടെ ഇസ്രയേലിന് ചുവപ്പുകാർഡാണ് ലഭിച്ചിരിക്കുന്നതെന്ന് ഫലസ്തീൻ ഫുട്‌ബോൾ ഫെഡറേഷൻ ചെയർമാൻ ജിബ്രീൽ റജൗബ് പ്രതികരിച്ചു. അടുത്ത ശനിയാഴ്ച്ചയാണ് മത്സരം നടക്കേണ്ടിയിരുന്നത്.