Sorry, you need to enable JavaScript to visit this website.

നിങ്ങളുടെ മക്കള്‍ക്ക് ജീന്‍സിട്ട് ബീഫ് വില്‍ക്കാം, ബി.ജെ.പി എം.പിക്ക് രൂക്ഷ വിമര്‍ശം

ബെംഗളൂരു- കര്‍ണാടകയില്‍ ബി.ജെ.പി എം.പി എസ്.മുനിസ്വാമി കച്ചവടക്കാരിയെ ശകാരിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് വ്യാപക വിമര്‍ശം. നെറ്റിയില്‍ പൊട്ട് വെക്കാത്തതിനാലാണ് യുവതി എം.പിയുടെ ആക്ഷേപം കേള്‍ക്കേണ്ടിവന്നത്.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയില്‍ സംബന്ധിക്കാനെത്തിയ കോലാറില്‍നിന്നുള്ള എം.പി സ്ത്രീയെ ആക്ഷേപിക്കുകയായിരുന്നു.
ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും പൊട്ട് ധരിക്കാത്തതിനെ എം.പി ചോദ്യം ചെയ്യുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്. എംപിയുടെ നിലപാട് കാവി പാര്‍ട്ടിയുടെ സംസ്‌കാരത്തിന്റെ ഉദാഹരണമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു.
സ്ത്രീകള്‍ സ്ഥാപിച്ച നിരവധി സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് മുനിസ്വാമി  വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്റ്റാളില്‍ വെച്ച് പൊട്ട് ധരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അവിടെ ഉണ്ടായിരുന്ന സ്ത്രീയെ ചോദ്യം ചെയ്തത്.
'ആരാണ് നിന്നെ ഇവിടെ സ്റ്റാള്‍ വെക്കാന്‍ അനുവദിച്ചത്? നിന്റെ ബിന്ദി എവിടെ? നിന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ? ഇല്ലേ?' എംപി സ്ത്രീയോട് ചോദിച്ചു.
പിന്നീട് യുവതിയോട് പൊട്ടി ധരിക്കാന്‍ ബിജെപി നേതാവ് ഉപദേശിച്ചു. പിന്നീട്,  ബിന്ദി ധരിക്കണമെന്ന് മനസ്സിലാക്കാനുള്ള  സാമാന്യബുദ്ധി സ്ത്രീക്ക് ഇല്ലെന്നാണ് പിന്നീട് അനുയായികള്‍ എം.പിയെ ധരിപ്പിക്കുന്നത്.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് സംഭവം നടന്നതെന്നതിനാല്‍ സ്ത്രീകളോടുള്ള പിന്തിരിപ്പന്‍ മനോഭാവം ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ പ്രതിപക്ഷ പാര്‍ട്ിടയായ കോണ്‍ഗ്രസ് വിമര്‍ശിച്ചത്.
എന്തുകൊണ്ട് പൊട്ട് ധരിച്ചില്ലെന്നെന്നാണ് ഒരു സ്ത്രീയോട്   ബിജെപി എംപി ചോദിച്ചത്.  സ്ത്രീകളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ബിജെപി എന്തുകൊണ്ട് വെള്ളപ്പൊക്കത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടില്ലെന്നതിന് മറുപടി നല്‍കണം.  എന്തുകൊണ്ട് ജിഎസ്ടി കുടിശ്ശികയെക്കുറിച്ച് ചോദ്യമില്ല? എന്തുകൊണ്ട് ചോദ്യമില്ല-കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
ബിജെപി മഹിളാ നേതാവിന്റെ മകള്‍ക്ക് ജീന്‍സ് ധരിച്ച് സില്ലി സോള്‍സ് ബീഫ് കഫേ' നടത്താം.  ബിജെപി നേതാക്കളുടെ മക്കള്‍ക്ക് ആധുനിക വസ്ത്രങ്ങള്‍ ധരിച്ച് വിദേശ രാജ്യങ്ങളില്‍ കച്ചവടം നടത്താം.  മറ്റുള്ളവരുടെ മക്കള്‍ക്ക്  മാത്രമാണ് മനുസ്മൃതി അടിച്ചേല്‍പിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

 

Latest News