ബംഗളൂരു-കുപ്രസിദ്ധമായ ബംഗളുരു ട്രാഫിക് ജാം ഒടുവില്‍ ഒരാള്‍ക്ക് ഉപകാരപ്പെട്ടു. ഗതാഗത കുരുക്കിനിടെ ഭാര്യയെ ഉപേക്ഷിച്ച ഭര്‍ത്താവിനാണ് ഇത് അനുഗ്രഹമായത്. വിജയ് ജോര്‍ജ് എന്നയാളാണ് കാമുകിയുടെ ഭീഷണിയെ തുടര്‍ന്ന് ഭാര്യയെ ഉപേക്ഷിച്ച് കടന്നത്. വിവാഹത്തിന്റെ പിറ്റേ ദിവസം പള്ളിയില്‍ പോയി മടങ്ങവെയായിരുന്നു സംഭവം. രണ്ടാഴ്ചയായി ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
വിവാഹത്തിന് മുമ്പ് വിജയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇയാളുടെ പിതാവിന്റെ കമ്പനിയിലെ ഡ്രൈവറിന്റെ ഭാര്യയുമായിട്ടായിരുന്നു പ്രണയത്തിലായിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ അതേ കമ്പനിയില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയായിരുന്നു. ഈ ബന്ധം വീട്ടിലറിഞ്ഞതോടെ അവരെ മറക്കാമെന്നും മറ്റൊരു വിവാഹത്തിന് തയ്യാറാണെന്നുമായിരുന്നു വിജയ് പറഞ്ഞത്. വിവാഹത്തിന് മുമ്പ് ഭാര്യയോട് വിജയ് ഇക്കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍, മറ്റൊരാളെ വിവാഹം കഴിച്ചാല്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്ന് കാമുകി വിജയ്യെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭയത്തിലായിരുന്നു ഇയാള്‍. പള്ളിയില്‍ നിന്ന് മടങ്ങുന്ന വഴിയില്‍ കാര്‍ ഗതാഗത കുരുക്കില്‍ കുടുങ്ങിയെന്നും, ഇതിനിടെ വിജയ് കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്കോടുകയായിരുന്നുവെന്നും അയാളുടെ ഭാര്യ പറഞ്ഞു. പെട്ടെന്നുണ്ടായ ഈ സംഭവത്തില്‍ ഞെട്ടിപ്പോയെന്നും കാറില്‍ നിന്നിറങ്ങി പിന്തുടരാന് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും വിജയ്യുടെ ഭാര്യ കൂട്ടിച്ചേര്‍ത്തു. എന്ത് വന്നാലും ഒപ്പമുണ്ടാകുമെന്ന് വിജ്യുടെ മാതാപിതാക്കളും താനും വാക്ക് കൊടുത്തതായും എന്നിട്ടും വിവാഹപ്പിറ്റേന്ന് കടന്നുകളയുകയായിരുന്നു. വിജയ് സുരക്ഷിതനാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നും കരുതുന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.