ജിദ്ദ- യൂനിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യം പഠിച്ച ശേഷം അഭിമാനത്തോടെ ട്രെയിന്‍ ഓടിക്കുന്ന സൗദി വനിതയായിരിക്കുന്നു മക്ക സ്വദേശിനിയായ അയാ അബ്ദുറഹ്മാന്‍ താഹിര്‍. സൗദി അറേബ്യയിലെ വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ ഓടിക്കാന്‍ അടുത്തിടെ നിയോഗിക്കപ്പെട്ട 34 വനിതാ ഡ്രൈവര്‍മാരില്‍ ഒരാളാണ് 28 കാരി അയാ. അന്തരാഷ്ട്ര വനിതാ ദിനത്തില്‍ അയാ അടക്കമുള്ള വനിതാ ട്രെയിന്‍ ഡ്രൈവര്‍മരെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അത് സൗദിയില്‍ നടന്നുകൊണ്ടിരിക്കുന്ന വന്‍ സാമൂഹിക പരിവര്‍ത്തനത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്.
വിഷന്‍ 2030 ന്റെ ഭാഗമായി 2016 മുതല്‍ സൗദിയില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ക്ക് നന്ദി പറയുകയാണ് പരമ്പരാഗതമായി പുരുഷന്മാര്‍ക്ക് മാത്രം സാധ്യത ഉണ്ടായിരുന്ന ഈ മേഖലയില്‍ ജോലി ചെയ്യുന്ന വനിതകള്‍.
യൂണിവേഴ്‌സിറ്റിയില്‍ അയാ ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്. എന്നാല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പുതിയ പരിശീലന പദ്ധതിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആവേശകരമായ ജോലി തേടി അവര്‍ സൗദി റെയില്‍വേയിലേക്ക് കുതിച്ചു.
പരിശീലനം ലഭിച്ചപ്പോള്‍ ഇതൊരു തൊഴിലായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ അവസരം വന്നപ്പോള്‍ സൗദി അറേബ്യയിലെ ട്രെയിന്‍ ഓടിക്കുന്ന ആദ്യത്തെ സ്ത്രീകളില്‍ ഒരാളാകാന്‍ ഞാന്‍ ആഗ്രഹിച്ചു- അയാ താഹിര്‍ അറബ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പരിശീലന പ്രഖ്യാപിച്ചപ്പോള്‍ 28,000ലധികം സ്ത്രീകളാണ് അപേക്ഷിച്ചത്. ഇതില്‍ 14,000 പേര്‍ സെലക് ഷന്‍ പ്രക്രിയയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി. ഇതിനു പന്നാലെ ഖസീമിലെ സൗദി റെയില്‍വേ പോളിടെക്‌നിക്കില്‍ ഓണ്‍സൈറ്റ് പരീക്ഷക്കും ഹാജരായി.
താന്‍ ട്രെയിന്‍ ഓടിക്കുന്നത് അത്ഭുതകരമായി തോന്നുന്നുണ്ടെങ്കിലും വലിയ ഉത്തരവാദിത്തമാണെന്ന് ബോധ്യമുണ്ടെന്ന് അയാ താഹിര്‍ പറഞ്ഞു. നിറയെ ആളുകളുള്ള ട്രെയിന്‍ ഓടിക്കുമ്പള്‍ ആളുകള്‍ നമ്മളെക്കുറിച്ച് എത്രമാത്രം അഭിമാനിക്കുന്നുണ്ടാകും. അത് ഞങ്ങളെയും അഭിമാനപുളകിതരാക്കുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു.
മക്കയില്‍നിന്ന് തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും വഹിച്ച് മദീനയിലേക്കും തിരിച്ചും ഓടുന്ന ഹറമൈന്‍ ട്രെയിന്‍ 2018 ഒക്ടോബറിലാണ് ആരംഭിച്ചത്.
2022 മാര്‍ച്ചില്‍ ആരംഭിച്ച വനിതാ പരിശീലന പരിപാടിയില്‍ 1,157 മണിക്കൂര്‍ തിയറിയും പ്രാക്ടിക്കലുമടങ്ങുന്ന മൊഡ്യൂളുകള്‍ ഉള്‍പ്പെടുന്നു. സാങ്കേതിക പ്രശ്‌നങ്ങളും ട്രാഫിക് നിയന്ത്രണവും മുതല്‍ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങള്‍ വരെ എല്ലാം ഉള്‍ക്കൊള്ളുന്നതാണ് പരിശീലന പരിപാടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)