Sorry, you need to enable JavaScript to visit this website.

വിശ്വനാഥന്റെ കൊലപാതകം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ലോങ് മാർച്ച് സംഘടിപ്പിച്ചു

വിശ്വനാഥന്റെ കേസ് അട്ടിമറിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിച്ച ലോങ് മാർച്ച് കൽപറ്റ സിവിൽ സ്റ്റേഷനു മുന്നിൽ പോലീസ് തടയുന്നു.
വിശ്വനാഥന്റെ കേസ് അട്ടിമറിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിച്ച ലോങ് മാർച്ചിന് വിശ്വനാഥന്റെ അമ്മ പാറ്റ പതാക കൈമാറി തുടക്കം കുറിക്കുന്നു. 
  • മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണം

കൽപറ്റ - മോഷണക്കുറ്റം ആരോപിച്ചു ആൾക്കൂട്ടം വിചാരണ നടത്തുകയും വംശീയമായി അധിക്ഷേപിക്കുകയും പിന്നീട് മരണപെട്ട നിലയിൽ കാണപ്പെടുകയും ചെയ്ത ആദിവാസി യുവാവ് വിശ്വനാഥന്റെ കേസ് അട്ടിമറിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ലോങ് മാർച്ച് നടത്തി. ആൾക്കൂട്ട വംശീയതക്കും അന്വേഷണത്തെ അട്ടിമറിക്കുന്ന ഇടത് ഭരണകൂടത്തിനുമെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് ലോങ്ങ് മാർച്ചിൽ ഉടനീളം ഉയർന്നത്. വിശ്വനാഥന്റെ അമ്മ പാറ്റ അവരുടെ വീട്ടിൽ നിന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിനു പതാക കൈമറിയാണ് ലോങ് മാർച്ച് ആരംഭിച്ചത്. 

തുടർന്ന് അഡ്‌ലയ്ഡിൽ നിന്നും ബൈപ്പാസ് വഴി നഗരം ചുറ്റി ലോങ് മാർച്ച് കളക്ടറേറ്റിലേക്ക് എത്തി. വിശ്വനാഥന്റെ സഹോദരങ്ങളും കുടുംബാംഗങ്ങളും ഉൾപ്പടെ അണിനിരണ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കാളികളായി. കളക്ടറേറ്റ് പരിസരത്ത് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ നേരിയ സംഘർഷമുണ്ടായി. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കിയ ശേഷമാണ് പ്രതിഷേധ സംഗമം ആരംഭിച്ചത്.

പ്രതിഷേധ സംഗമം വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്തു. പൊതു സ്ഥലത്ത് ആദിവാസിയെ കാണുന്ന പ്രബുദ്ധ മലയാളിക്ക് മുഷിഞ്ഞ വസ്ത്രവും ശരീരത്തിന്റെ രൂപവും നോക്കി ആദിവാസിയായ വിശ്വനാഥനെ മോഷ്ടാവ് എന്ന് തീർപ്പിൽ എത്തിയത് തികഞ്ഞ വാശീയതയാണ്. ആൾക്കൂട്ടം നടത്തിയ ചോദ്യം ചെയ്യലും ആക്രമിക്കലും എല്ലാം വംശീയ സ്വഭാവം നിറഞ്ഞത് ആണെന്നും അദ്ദേഹം കൂട്ടിചേർത്തു. അതിനാൽ തന്നെ വിശ്വനാഥനന്റേത് വ്യവസ്ഥാപിത കൊലപാതകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വനാഥന്റെ കൊലപാതകത്തിൽ സമഗ്രന്വേഷണം നടത്തി മുഴുവൻ കുറ്റവാളികളെയും ഉടൻ പുറത്ത് കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ പ്രഖ്യാപിച്ച അടിയന്തര നഷ്ടപരിഹാരം പോലും വിശ്വനാഥന്റെ കുടുംബത്തിന് ഇതുവരേ ലഭിച്ചില്ല എന്നത് ഗൗരവതരമാണെന്ന്  അധ്യക്ഷത വഹിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ പറഞ്ഞു. ഇടതു സർക്കാറിന്റെ നേതൃത്വത്തിൽ വാളയാർ കേസും മധു കേസും പോലെ വിശ്വനാഥന്റെ കേസും അട്ടിമറിക്കാൻ തന്നെയാണ് ശ്രമിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംശയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തി കൊണ്ട് വരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതിഷേധ സംഗമത്തിൽ പ്രഖ്യാപിച്ചു.

സഹോദരന്റെ കേസ് നീതിക്ക് വേണ്ടി സംസാരിക്കുന്ന എന്നെ മാവോയിസ്റ്റ് ആണെന്ന് മുദ്രകുത്താൻ കൽപറ്റ പോലിസ് സ്‌റ്റേഷനിലെ ചില പോലിസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി വിശ്വനാഥന്റെ സഹോദരൻ വിനോദ് പറഞ്ഞു. കുടുംബം പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് തടയാൻ സി.പി.എം പ്രവർത്തകർ ശ്രമിച്ചതായും സഹോദരൻ വെളിപ്പെടുത്തി. മകന്റേത് ആത്മഹത്യയല്ല കൊലപാതകം തന്നെ ആണെന്ന് അമ്മ പാറ്റ വിതുമ്പി കൊണ്ട് പറഞ്ഞു. 

പ്രതിഷേധ സംഗമത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. പിജി ഹരി, മധു നീതി സമര സമിതി ചെയർമാൻ വി.എം. മാർസൻ, കെ.ഡി.പി ജില്ലാ സെക്രട്ടറി രജിതൻ കെ.വി, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ബിനു വയനാട്, ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശരീഫ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ, ജില്ലാ പ്രസിഡന്റ് ലത്തീഫ് പി എച്ച് തുടങ്ങിയവർ സംസാരിച്ചു.

ലോങ്ങ് മാർച്ചിന് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആദിൽ അബ്ദുറഹീം, തശ്രീഫ് മമ്പാട്, വൈസ് പ്രസിഡന്റ്മാരായ അമീൻ റിയാസ്, ലബീബ് കായക്കൊടി, ഷമീമ സക്കീർ, സെക്രട്ടറിമാരായ ഷഹീൻ ശിഹാബ്, സബീൽ ചെമ്പ്രശ്ശേരി, അൻവർ സലാഹുദ്ധീൻ, വസീം അലി,സംസ്ഥാന കമ്മിറ്റി അംഗം നുജൈം പി കെ, ജില്ലാ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് മുഹ്‌സിൻ, ഷഫീക് തുടങ്ങിയവർ  നേതൃത്വം നൽകി.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News