കോട്ടയം -ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കരാർ മരുമകന് ലഭിച്ചതു സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് സി.പി.എം നേതാവും ഇടതു മുന്നണി മുൻ കൺവീനറുമായ വൈക്കം വിശ്വൻ. കൊച്ചിൻ കോർപ്പറേഷനിലെ കരാർ തന്റെ സ്വാധീനത്തിൽ ലഭിച്ചതല്ല. താൻ ഇടപെട്ടിട്ടില്ല.
തന്റെ മരുമകന് കരാർ കിട്ടിയതിൽ ദുരൂഹത ഉണ്ടെങ്കിൽ അത് അന്വേഷിക്കട്ടെ എന്ന് കോട്ടയത്ത് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
അവർ മാത്രമല്ല അവിടെയുള്ള കമ്പനി. തന്റെ ബന്ധുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി സൗകര്യങ്ങൾ അഭ്യർഥിച്ചു വാങ്ങി നൽകിയ അനുഭവമില്ല. തന്റെ മരുമകൻ ചെയ്യുന്ന ജോലികളെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. കുറെ വർഷങ്ങളായി ഇത്തരത്തിലുളള ജോലികളാണ് ചെയ്യുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും അവർക്കു വർക്കുകൾ ഉണ്ട്. പ്രസ്തുത കമ്പനി ഇവിടെ വന്ന് കെഎസ്‌ഐടിസിയുടെ ടെണ്ടർ വിളിച്ച് കരാർ എടുത്തു എന്നാണ് മനസിലാക്കുന്നത്. അതിൽ എന്താണ് സ്വാധീനം എന്നറിയില്ല. എന്നിട്ടും ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു ആരോപണമെന്നറിയില്ലെന്നും വിശ്വൻ പറഞ്ഞു. ഒരു കഥാപാത്രമെന്ന രീതിയിൽ സംഭവത്തിൽ എന്നെ ഉൾപ്പെടുത്തുന്നതെന്തിനാണ് ? രാഷ്ട്രീയ ആരോപണമല്ലെങ്കിൽ മറ്റെന്താണിത്.
മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദത്തിലാണെന്നാണ് ആരോപണം. അതേ, പക്ഷേ മുഖ്യമന്ത്രിയോട് തന്റെ കുടുംബകാര്യങ്ങൾ പറഞ്ഞിട്ടില്ല. ബന്ധുക്കൾക്ക് ആനുകൂല്യങ്ങൾ വാങ്ങാൻ അത് ഉപയോഗപ്പെടുത്തി എന്നു സമർഥിക്കാനുളള നീക്കം വിലപോവില്ല. അത് നിന്ദ്യമാണ്. അവരെ അദ്ദേഹത്തിന് അറിയുമോയെന്ന് പോലും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എമ്മിനെ ഇകഴ്ത്തികാട്ടാനും അഴിമതിയുടെ പുകമറ സൃഷ്ടിക്കാനുമാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ആരോപണം ഉന്നയിച്ച ടോണി ചമ്മണിക്കെതിരെ നോട്ടീസ് അയക്കും. മാലിന്യം കത്തിക്കാൻ മാത്രം ഉള്ള മനുഷ്യത്വ വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിലെയും മുന്നണിയിലെയും സ്ഥാനമാനങ്ങൾ ഒഴിഞ്ഞപ്പോൾ സംഘടിപ്പിച്ച് എടുത്തതാണ് ഇതെന്ന് ആരോപിക്കുന്നതും തന്റെ പൊതുജീവിതത്തെ മനസിലാക്കാത്തവരാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)