തിരുവനന്തപുരം: വര്‍ക്കല പാപനാശം ബീച്ചിലെ പാരാഗ്ലൈഡര്‍ അപകടത്തില്‍ പെട്ട് ഹൈമാസ്റ്റ് ലൈറ്റിന്റെ മുകളില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പാരഗ്ലൈഡിംഗ് സ്ഥാപനത്തിലെ ജീവനക്കാരായ സന്ദീപ്, ശ്രേയസ്, പ്രഭുദേവ് എന്നിവരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപന ഉടമകളായ ആകാഷ്, ജിനേഷ് എന്നിവര്‍ ഒളിവിലാണ്. അപകടത്തില്‍പ്പെട്ട ഗ്ലൈഡറില്‍ ഉണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശിനി പവിത്രയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗ്ലൈഡര്‍ പറന്നു തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും താന്‍ ഉച്ചത്തില്‍ നിലവിളിച്ചിട്ടും നിലത്തിറക്കാന്‍ കൂട്ടാക്കിയില്ല എന്നാണ് യുവതി മൊഴി നല്‍കിയത്. അപകടത്തിന്റെ ഭീതിയില്‍ നിന്ന് യുവതി ഇതുവരെയും മോചിതയായിട്ടില്ല. യുവതിയുടെ പാരാഗ്ലൈഡിംഗ് ഇന്‍സ്ട്രക്ടറായ സന്ദീപും അറസറ്റിലായവരില്‍ ഉള്‍പ്പെടുന്നു.
മനപ്പൂര്‍വമല്ലാത്ത നരഹത്യാ ശ്രമമടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ നാലരയോടെ കോയമ്പത്തൂര്‍ സ്വദേശി പവിത്രയും ഇന്‍സ്ട്രക്ടറായ സന്ദീപും ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങുകയായിരുന്നു. ശക്തമായ കാറ്റില്‍ ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമാകുകകാണുണ്ടായത്. വര്‍ക്കല പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വലയിലേക്ക് ഇരുവരേയും ഇറക്കുകയായിരുന്നു. ഹൈമാസ്റ്റ് ലൈറ്റിന്റെ അഗ്രഭാഗം താഴേക്ക് താഴ്ത്തിയ ശേഷമാണ് ഇവരെ ഇറക്കിയത്. ഏതാണ്ട് ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ താഴെയിറക്കാനായത്. തുടര്‍ന്ന് ഇരുവരേയും വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ വലിയ പരിക്കില്ലാത്തതിനാല്‍ സന്ദീപിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.