- ഇ.ഡി പരിശോധനയും ഉണ്ടാകുമെന്ന് സൂചന
കണ്ണൂർ - സി.പി.എം നേതാവ് ഇ.പി.ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായുള്ള വൈദേകം റിസോർട്ടിന് ഇൻകം ടാക്‌സ് നോട്ടീസ്. ടി.ഡി.എസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഉടൻ ഹാജരാക്കാനാണ് നിർദേശം.
ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റിസോർട്ടിൽ മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയതിന് പിന്നാലെയാണീ നീക്കം. റിസോർട്ടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന് കാണിച്ച് കൊച്ചിയിലെ മാധ്യമ പ്രവർത്തകൻ രേഖാമൂലം പരാതി നൽകിയതിന് പിന്നാലെയാണ് അധികൃതർ റിസോർട്ടിൽ മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയത്. സാധാരണ പരിശോധന മാത്രമാണിതെന്നായിരുന്നു റിസോർട്ട് അധികൃതരുടെ നിലപാട്. റിസോർട്ടുമായി ബന്ധപ്പെട്ട കണക്കുകളും ഓഹരി ഉടമകളുടെ വിവരങ്ങളും ഇവരുടെ നിക്ഷേപകണക്കുകളും ഉൾപ്പെടെ ഉടൻ നൽകാനാണ് നിർദ്ദേശം.
അതേസമയം, ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഉടൻ നൽകുമെന്ന് റിസോർട്ട് സി.ഇ.ഒ അറിയിച്ചു. വൈദേകം റിസോർട്ടിൽ 8 മണിക്കൂറിൽ അധികമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നത്. നിക്ഷേപ സമാഹരണം, ഇതര സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം വിശദമായി പരിശോധിച്ചു വരികയാണ്.
അതിനിടെ, റിസോർട്ടിലെ നിക്ഷേപങ്ങൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിക്ഷേപകരുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടും, മറ്റ് നിക്ഷേപങ്ങളെക്കുറിച്ചുമാണ് അന്വേഷണം നടക്കുന്നത്. കണ്ണൂരിലെ പ്രവാസി വ്യവസായി കള്ളപ്പണം വെളുപ്പിക്കുന്നതിന് റിസോർട്ട് മറയാക്കിയെന്നും, പതിനഞ്ചു കോടിയോളം രൂപ നൽകിയിട്ടുണ്ടെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇത് ഇ.ഡി ഗൗരവമായാണ് എടുത്തിരിക്കുന്നത്. ആദായ നികുതി വകുപ്പിന് പിന്നാലെ ഇ.ഡിയുടെ പരിശോധനയും ഉണ്ടാകുമെന്നാണ് സൂചന.
തനിക്ക് റിസോർട്ടുമായി യാതൊരു ബന്ധവുമില്ലെന്നും, എന്നാൽ തന്നെയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ തിരുവനന്തപുരം കേന്ദ്രീകരിച്ച് ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ഇ.പി.ജയരാജൻ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കുകയും പിണറായിയേയും കുടുംബത്തേയും പ്രകീർത്തിക്കുകയും ചെയ്തിരുന്നു. ഇത് ഇപ്പോഴും ട്രോളന്മാർ ആ ഘോഷിക്കുകയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)