കൊച്ചി- വ്യാജ പെര്‍മിറ്റ് ഉപയോഗിച്ച് ലക്ഷദ്വീപിലേക്ക് കടക്കാന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശികള്‍ പിടിയിലായി. ഖുര്‍ബാന്‍ ശൈഖ് (33), അബ്ദുല്‍ ഹലീം (41) എന്നിവരാണ് പിടിയിലായത്.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്, കടമത്ത് ദ്വീപിലേക്ക് പോകാന്‍ ലക്ഷദ്വീപ് സ്വദേശി അബ്ദുല്‍ ഗഫൂറിന്റെ സഹായത്തോടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സന്ദര്‍ശക പെര്‍മിറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് അതില്‍ ഷഹ്‌സാന്‍ അലി എന്നയാളുടെ ലേബര്‍ പെര്‍മിറ്റിന്റെ ക്യു ആര്‍ കോഡ് വ്യാജമായി പതിച്ച് ലക്ഷദ്വീപിലേക്ക് പോകുന്നതിന് വേണ്ടി വില്ലിംഗ്ഡണ്‍ ഐലന്റ് പാസഞ്ചര്‍ എംബാര്‍ക്കേഷന്‍ സെന്ററില്‍ എത്തി ക്ലിയറന്‍സിനായി രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് പിടിയിലായത്. രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് മനസിലാക്കിയ സുരക്ഷ ഉദ്യോഗസ്ഥര്‍ ഹാര്‍ബര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.
ഹാര്‍ബര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സി. ആര്‍. സിംഗിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം എത്തി പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.