കൊല്‍ക്കത്ത- കച്ച ബദാം ഗായകന്‍ ഭുബന്‍ ബദ്യാകറിനെ ഓര്‍മയില്ലേ. പാട്ട് വീഡിയോ വൈറലായതിനെ തുടര്‍ന്ന് പ്രശസ്തിയിലേക്ക് ഉയരുകയും അതുവഴി വീടും കാറും സ്വന്തമാക്കുകയും ചെയത് കടല വില്‍പനക്കാരന്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഭുബന്‍ കടല വില്‍ക്കുമ്പോള്‍ പാടിയ കച്ച ബദാം പാട്ടാണ് ഒറ്റ രാത്രി കൊണ്ട് വൈറലായിരുന്നത്.
പ്രശസ്തയിലേക്കും സമ്പന്നതയിലേക്കും ഉയര്‍ന്ന ശേഷം ഭുബന്‍ വീണ്ടും ദുരിത ജീവിതത്തിലേക്ക് കൂപ്പുകുത്തിയതാണ് പുതിയ വാര്‍ത്ത. ബോളിവുഡ് റാപ്പര്‍ ബാദ്ഷായുമായി സഹകരിച്ചതും പശ്ചിമ ബംഗാള്‍ പോലീസിന്റെ പ്രശംസ നേടിയതുമൊക്കെ ഭുബന്‍ ബദ്യാകറിന്റെ പ്രശസ്തി നാടുമുഴുവന്‍ പരത്തിയിരുന്നു.
ഭുബന്‍ എന്ന കച്ച ബദാം കടല വില്‍പനക്കാരന്‍ മുന്‍കാല ദുരിത ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നുവെന്നാണ് ഒരു പാപ്പരാസി അക്കൗണ്ട് പങ്കിട്ട വൈറല്‍ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. പകര്‍പ്പവകാശ പ്രശ്‌നമാണ് ഭൂബന് വിനയായത്. സ്വന്തം പാട്ടുകള്‍ പോലും പാടാന്‍ കഴിയാത്ത അവസ്ഥയിലത്തിച്ചു. തന്റെ കച്ച ബദാം പാട്ടിന്റെ അവകാശം ആരോ തട്ടിയെടുത്തതിനാല്‍ ഇനി സ്വന്തം പാട്ട് പാടാന്‍ കഴിയില്ല.
കോപ്പിറൈറ്റ് പ്രശ്‌നമാണ് സ്വന്തം പാട്ടുകള്‍ പാടുന്നതില്‍ നിന്ന് തന്നെ തടയുന്നതെന്ന് ഭുബന്‍ അവകാശപ്പെടുന്നു.
കച്ചാ ബദാം എന്ന ഗാനത്തിന്റെ അവകാശം ആരോ വഞ്ചനയിലൂടെ കൈക്കലാക്കിയെന്ന് ഭുബന്‍ അടുത്തിടെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പകര്‍പ്പവകാശ കെണിയില്‍ വീണതിനാല്‍ ഇദ്ദേഹത്തിന് ഇനി സ്വന്തം ട്രാക്കുകള്‍ അവതരിപ്പിക്കാനോ യുട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യാനോ കഴിയില്ല. പാട്ടുകളിലൊന്ന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ തനിക്ക് പകര്‍പ്പവകാശ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി ഭുബന്‍ പറയുന്നു. തുടര്‍ന്ന് പാട്ട് നീക്കം ചെയ്യാന്‍ നിര്‍ബന്ധിതനായി.
നിരവധി ഉപയോക്താക്കളാണ് കച്ച ബദാം ഗായകനോട് സഹതാപം പ്രകടിപ്പിച്ച് കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത്. ഡിജിറ്റല്‍ പ്രശസ്തി ചുരുങ്ങിയ കാലത്തേക്ക് മാത്രമേ നിലനില്‍ക്കൂയെന്നും നിങ്ങളുടെ യാഥാര്‍ഥ അവസ്ഥയാണ് നിങ്ങളുടെ ഐഡന്റിറ്റിയെന്നും ഒരു ഉപയോക്താവ് കുറിച്ചപ്പോള്‍ വഞ്ചിക്കപ്പെട്ടെങ്കില്‍ അത് ശരിക്കും സങ്കടമാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.