പനജി- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആശങ്കയറിയിച്ച് ദല്‍ഹി ആര്‍ച്ച്ബിഷപ്പിനു പിന്നാലെ ഗോവ ആര്‍ച്ച് ബിഷപ്പും രംഗത്തെത്തി. ഇന്ത്യന്‍ ഭരണഘടന അപടകത്തിലാണെന്നും ഒരു ഏകശിലാത്മക സംസകാരം രാജ്യത്തെ ഗ്രസിച്ചിരിക്കുകയാണെന്നുമുള്ള മുന്നറിയിപ്പുമായി ഗോവ ആര്‍ച്ബിഷപ് ഫിലിപെ നെരി ഫെറാവോ ആണ് ഇടയലേഖനമെഴുതിയത്. കത്തോലിക്ക് വിശ്വാസികള്‍ രാഷ്ട്രീയത്തില്‍ സജീവമായ പങ്കുവഹിക്കണമെന്നും ഞായറാഴ്ച പുറത്തുവിട്ട വാര്‍ഷിക ഇടയലേഖനത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് രാഷ്ട്രീയ രംഗത്ത് വിശ്വാസികള്‍ സജീവമായി ഇടപെടുകയും മുഖസ്തുതി രാഷ്ട്രീയത്തെ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സാമൂഹിക നീതിക്കു വേണ്ടിയും അഴിമതിക്കെതിരുമായ പോരാട്ടത്തിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ഇതുവഴി ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ഭരണം മെച്ചപ്പെടുത്താന്‍ സഹായിക്കുകയുമാണ് വേണ്ടതെന്നും ഇടയലേഖനം വ്യക്തമാക്കുന്നു.
വികസനത്തിന്റെ പേരില്‍ രാജ്യത്തുടനീളം സ്വന്തം വീട്ടില്‍ നിന്നും ഭൂമിയില്‍ നിന്നും ജനങ്ങളെ ഇറക്കി വിടുകയാണ്. മനുഷ്യാവകാശം ചവിട്ടിമെതിക്കപ്പെടുന്നു. നാം എന്തു ഭക്ഷിക്കണം, ഏതു വസ്ത്രം ധരിക്കണം, എങ്ങനെ ജീവിക്കണം, ആരാധിക്കണം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഒരു ഏകീകൃത രൂപം, സംസ്‌കാരം വേണമെന്ന പ്രവണത രാജ്യത്ത് ഉയര്‍ന്നുവന്നിരിക്കുകയാണ്-ഇടലേഖനം പറയുന്നു.
ഇന്ത്യയില്‍ സംഘര്‍ഷഭരിതമായ രാഷ്ട്രീയ സാഹചര്യമാണെന്ന ദല്‍ഹി ആര്‍ച്ബിഷപ് അനില്‍ കുട്ടോയുടെ വിവാദമായ ഇടയലേഖനത്തിനു പിന്നാലെയാണ് ഗോവ ആര്‍ച്ബിഷപ്പിന്റെ ഇടയലേഖനവും വന്നിരിക്കുന്നത്. അനില്‍ കൂട്ടോയുടെ ഇടലയലേഖനത്തിനെതിരെ ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും രംഗത്തെത്തിയിരുന്നു.