Sorry, you need to enable JavaScript to visit this website.

മലേഷ്യയില്‍ അറ്റോണി ജനറല്‍ പദവിയില്‍ ഇന്ത്യന്‍ വംശജന്‍

ക്വാല ലംപുര്‍- മലേഷ്യയുടെ അറ്റോര്‍ണി ജനറലായി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഇന്ത്യന്‍ വംശജനായ മുതിര്‍ന്ന അഭിഭാഷകന്‍ നിയമിതനായി. ഈ പദവില്‍ ഒരു മുസ്ലിം അഭിഭാഷകനെ നിയമിക്കണമെന്ന ആവശ്യമുന്നയിച്ച് വിവിധ ഇസ്ലാമിക സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടെയാണ് 55-കാരനായ ടോമി തോമസിനെ നിയമിച്ചു കൊണ്ട് രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ ഉത്തരവിറക്കിയത്. രാജ്യത്തിന്റെ ഔദ്യോഗിക മതമായ ഇസ്ലാമിന്റെ പദവി സംരക്ഷിക്കാന്‍ ഒരു മുസ്ലിമിനെ തന്നെ അറ്റോര്‍ണി ജനറലാക്കണമെന്നായിരുന്നു ഭൂരിപക്ഷ മലായ് മുസ്ലിംകളെ പ്രതിനിധീകരിക്കുന്ന പല സംഘടനകളുടേയും ആവശ്യം.

ടോമി തോമസിന്റെ നിയമനം മതപരമോ വംശീയമോ ആയ സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നില്ലെന്നു എല്ലാ മലേഷ്യക്കാരും ഉറപ്പാക്കണമെന്നും രാജാവിന്റെ ഉത്തരവില്‍ പറയുന്നു. മതമോ വംശമോ പരിഗണിക്കാതെ എല്ലാ മലേഷ്യക്കാരേയും ഒരു പോലെ കാണേണ്ടതുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. മലായ്, ബുമിപുത്ര വിഭാഗങ്ങളുടെ പ്രത്യേക അവകാശങ്ങളും ഔദ്യോഗിക മതമായി ഇസ്ലാമിന്റെ സ്ഥാനവും സംരക്ഷിക്കപ്പെടുമെന്നും കൊട്ടാരം വക്താവ് വാന്‍ അഹമദ് ദഹ്ലാന്‍ അബദുല്‍ അസീസ് പറഞ്ഞു. 3.2 കോടിയോളം വരുന്ന മലേഷ്യന്‍ ജനസംഖ്യയുടെ 60 ശതമാനവും മലായ് മുസ്ലിംകളാണ്. 


 

Latest News