ചെന്നൈ-വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ധനുഷ് ചിത്രം 'വാത്തി' ഫെബ്രുവരി 17 ന് തിയേറ്ററുകളില്‍ എത്തി. തമിഴ് - തെലുങ്ക് ദ്വിഭാഷാ ചിത്രം തെലുങ്കില്‍ 'സര്‍' എന്ന പേരിലാണ് പുറത്തിറങ്ങിയത്. സംയുക്ത നായികയായും സമുദ്രക്കനി വില്ലനായും അഭിനയിച്ചു. സിനിമ 100 കോടി ക്ലബ്ബില്‍ എത്തിയ വിവരം നിര്‍മ്മാതാക്കള്‍ ട്വിറ്ററിലൂടെ അറിയിച്ചു.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് 'വാത്തി', ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അനീതിക്കും അഴിമതിക്കുമെതിരെ പോരാടുന്ന ഒരു അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിന്റെ പോരായ്മകളിലേക്കാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഉടന്‍തന്നെ ഒ.ടി.ടി റിലീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.