ലണ്ടന്‍- ചരിത്രത്തിലാദ്യമായി, ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സര്‍വകലാശാലകളില്‍ നാലെണ്ണവും നയിക്കുന്നത് വനിതകളാകാന്‍ പോകുന്നു. ഓക്സ്ഫോര്‍ഡ്, ഹാര്‍വാര്‍ഡ്, കേംബ്രിഡ്ജ്, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) എന്നിവയാണ് സ്ത്രീകള്‍ നയിക്കാനൊരുങ്ങുന്ന പ്രമുഖ സര്‍വകലാശാലകള്‍. ടൈംസ് ഹയര്‍ എജ്യൂക്കേഷന്റെ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2023 നല്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഈ വര്‍ഷം ജൂലൈയോടെ ഇത് യാഥാര്‍ഥ്യമാകും.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലക്ക് (THE യുടെ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ഒന്നാമത്) നിലവില്‍ ഐറിന് ട്രേസിയാണ് നേതൃത്വം നല്‍കുന്നത്; ഹാര്‍വാര്‍ഡില്‍ ക്ലോഡിന് ഗേ, കേംബ്രിഡ്ജില്‍ ഡെബോറ പ്രെന്റിസ് എന്നിവര്‍ ജൂലൈയില്‍ തങ്ങളുടെ നേതൃപരമായ റോളുകള്‍ ഏറ്റെടുക്കും, സാലി കോര്‍ണ്‍ബ്ലൂത്ത് നിലവില്‍ എം.ഐ.ടിയെ നയിക്കുന്നു.
ലോകത്തിലെ ഏറ്റവും മികച്ച 200 സര്‍വ്വകലാശാലകളില്‍ 48 എണ്ണത്തിലും വനിതാ പ്രസിഡന്റുമാരോ വൈസ് ചാന്‍സലര്‍മാരോ ഉണ്ടെന്ന് 2023 ലെ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് ഡാറ്റ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം 43 വനിതകള്‍ ഉയര്‍ന്ന സ്ഥാനത്തുണ്ടായിരുന്നതിനെ അപേക്ഷിച്ച് ഇത് വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനവും അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 41 ശതമാനവും സ്ത്രീകള്‍ ഈ തസ്തികകളില്‍ കൂടുതലാണ്.
യു.എസിലെയും ജര്‍മ്മനിയിലെയും നിയമനങ്ങളുടെ വര്‍ധനവിന്റെ ഫലമാണിത്. കണക്കുകള്‍ പ്രകാരം, സ്ത്രീകള്‍ നേതൃത്വം നല്കുന്ന മികച്ച 200 സര്‍വകലാശാലകളുടെ ഉയര്‍ന്ന അനുപാതം യു.എസിലാണ് (58 ല്‍ 16 എണ്ണം). അഞ്ച് മുന്‍നിര ജര്‍മ്മന്‍ സര്‍വകലാശാലകളില്‍ വനിതകളാണ് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് കൂടുതല്‍. ഇതില്‍ ട്യൂബിംഗന്‍ സര്‍വകലാശാലയിലെ കാര്‍ല പോള്‍മാന്‍, ഫ്രീബര്‍ഗ് സര്‍വകലാശാലയിലെ കെര്സ്റ്റിന് ക്രീഗ്ള്സ്റ്റീന്, ബെര്‍ലിനിലെ സാങ്കേതിക സര്‍വകലാശാല ജെറാള്ഡിന് റൗച്ച് എന്നിവരും ഉള്‍പ്പെടുന്നു.
മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ് (5ല്‍ 3), നെതര്‍ലാന്‍ഡ്സ് (10ല്‍ 5), യു.കെ (28ല്‍ 8) എന്നിവയ്ക്കും ഇത് ബാധകമാണ്.
ഏഷ്യയിലും സ്ത്രീകള്‍ മുകളിലേക്ക് തന്നെ. ന്യൂറോ സയന്റിസ്റ്റ് നാന്‍സി ഐപ്പ് ഹോങ്കോംഗ് സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയുടെ പ്രസിഡന്റായി. സൗദി അറേബ്യയിലെ ഏറ്റവും വലിയ സര്‍വകലാശാലയായ കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയെ നയിക്കുന്നതും വനിത തന്നെ- ഹന അബ്ദുല്ല അല്‍നുഐം.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)