ചെന്നൈ- തമിഴ് സിനിമയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച യുവ നായക നടനാണ് ജയം രവി. തനി ഒരുവന്‍, മൃതന്‍, റോമിയോ ജൂലിയറ്റ്, വനമകന്‍, അടങ്കമറു, കോമാളി തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം.
മണിരത്‌നത്തിന്റെ ഡ്രീം സിനിമയായ പൊന്നിയിന്‍ സെല്‍വനിലെ ടൈറ്റില്‍ കഥാപാത്രവും അവതരിപ്പിക്കുന്നത് ജയം രവിയാണ്. താരം നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് അഖിലന്‍. നീണ്ട കാത്തിരിപ്പിനു ശേഷം ചിത്രത്തിന്റെ റിലീസ് ത്്ിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കയാണ് അണിയറക്കാര്‍. മാര്‍ച്ച് 10ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. അതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടു. ആരാധകരില്‍ നിന്നും ആവേശപൂര്‍ണമായ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രെയിലര്‍ പുറത്തിറങ്ങി ഒരു ദിവസം പൂര്‍ത്തിയാകും മുമ്പേ തന്നെ അമ്പത് ലക്ഷത്തില്‍പരം കാഴ്ചക്കാരെയാണ് നേടിയത്.
എന്‍. കല്യാണ കൃഷ്ണനാണ് അഖിലന്റെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ഭൂലോകമാണ് നേരത്തെ ഇരുവരും ഒന്നിച്ച സിനിമ. സിനിമയുടെ ടീസറും മേക്കിംഗ് വീഡിയോയുമൊക്കെ നേരത്തേ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വലിയ ആരാധക ശ്രദ്ധ നേടിയിരുന്നു. അഖിലന്‍ ജയം രവിയുടെ മറ്റൊരു ജനപ്രിയ സിനിമയായിരിക്കും എന്നാണു അണിയറ ശില്പികളും ആരാധകരും കരുതുന്നത്.
ചിത്രത്തില്‍ അഖിലന്‍ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് മേക്കിംഗ് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ആദ്യന്തം കാണികളെ ആകാംക്ഷയുടെ അഗ്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും സിനിമയെന്ന് പ്രതീക്ഷിക്കാം. പ്രിയാഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സാം സി. എസ് സംഗീതവും വിവേക് ആനന്ദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
ചിത്രം കേരളത്തില്‍ മുരളി സില്‍വര്‍ സ്‌ക്രീന്‍ പിക്‌ചേഴ്‌സ് റിലീസ് ചെയ്യും.