തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം ചെയ്ത ജനതയെ വെടിവെപ്പിലൂടെ അടിച്ചമര്‍ത്തുകയും സാമൂഹ്യവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്ത പൊലീസിനേയും ഭരണകൂടത്തെയും വിമര്‍ശിച്ച് നടന്‍ കമല്‍ഹാസന്‍.പ്രതിഷേധിക്കുന്ന ജനങ്ങളെയൊന്നടങ്കം സാമൂഹ്യവിരുദ്ധരായി മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ല കമല്‍ഹാസന്‍ പറഞ്ഞു.ഓരോ ചെറിയ കാര്യത്തിന്റെ പേരിലും സമരം ആരംഭിച്ചാല്‍ തമിഴ്‌നാട് ശ്മശാനമായി മാറുമെന്ന നടന്‍ രജനീകാന്തിന്റെ പ്രസ്താവനയേയും കമല്‍ഹാസന്‍ വിമര്‍ശിച്ചു. അത് അദ്ദേഹത്തിന്റെ അഭിപ്രായമായിരിക്കുമെന്നും എന്നാല്‍ എന്റെ ചിന്ത വ്യത്യസ്തമാണെന്നും കമല്‍ഹാസന്‍ പറയുന്നു. 'ഞാന്‍ ഗാന്ധിയില്‍ നിന്നാണ് പാഠം ഉള്‍ക്കൊള്ളുന്നത്. ഞാന്‍ ഗാന്ധിയുടെ വിദ്യാര്‍ത്ഥിയാണ്. ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം മരിച്ച ശേഷമായിരുന്നു എന്റെ ജനനം. പ്രതിഷേധങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു സ്വഭാവം ഉണ്ടാകും. ആ സ്വഭാവം എങ്ങനെയായിരിക്കണമെന്ന് നമ്മള്‍ ഗാന്ധിയില്‍ നിന്ന് പഠിക്കണം. കത്തിയും വാളും തോക്കും ഉപയോഗിച്ചുള്ള പ്രതിഷേധമായിരിക്കരുത് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.
വെടിയുണ്ട നമുക്ക് നേരെ അടുക്കുമ്പോള്‍ അതിനെ തുറന്ന മനസോടെ നേരിടണം. അത് തന്നെയായിരുന്നു നമ്മള്‍ തൂത്തുക്കുടിയില്‍ കണ്ടത്. അത് ഏറ്റവും നല്ല വഴിയാണ്. അതില്‍ അക്രമം കടന്നുകൂടിയാല്‍ അത് കുറയ്ക്കണം. നമ്മുടെ പ്രതിഷേധങ്ങള്‍ അതില്‍ അലിഞ്ഞ് ഇല്ലാതായിപ്പോവരുത്. നീതി ലഭിക്കാതെ തൂത്തുക്കുടി ജനത പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.