ന്യൂദൽഹി- സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ അപകീർത്തിപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആവർത്തിച്ചുള്ള തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷം രാഹുൽ ഗാന്ധിജി വിദേശത്ത് ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
'സ്വാതന്ത്ര്യത്തിന്റെ അറുപതാമത്തെയോ എഴുപതാമത്തെയോ വാർഷികത്തിൽ വിദേശത്ത് പോയി ഇന്ത്യയെ അപകീർത്തിപ്പെടുത്തി സംസാരിച്ചത് മോഡിയാണ്. രാജ്യത്തിന് ഒരു ദശാബ്ദം നഷ്ടപ്പെട്ടുവെന്ന് മോഡി പറഞ്ഞതായി ഞാൻ ഓർക്കുന്നു. ഇന്ത്യയിൽ പരിധിയില്ലാത്ത അഴിമതിയുണ്ടെന്നും മോഡി പറഞ്ഞിരുന്നു. ഞാൻ ഒരിക്കലും എന്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ല. എനിക്ക് അതിൽ താൽപ്പര്യമില്ല. ഞാനത് ഒരിക്കലും ചെയ്യില്ല. തീർച്ചയായും, ഞാൻ പറയുന്നത് വളച്ചൊടിക്കാൻ ബിജെപി ഇഷ്ടപ്പെട്ടു. അത് കൊള്ളാം- രാഹുൽ കൂട്ടിച്ചേർത്തു.
'പക്ഷേ, വിദേശത്ത് പോകുമ്പോൾ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നയാൾ ഇന്ത്യൻ പ്രധാനമന്ത്രിയാണെന്നതാണ് വസ്തുത. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ഒന്നും ചെയ്തിട്ടില്ല. എല്ലാ ഇന്ത്യൻ മാതാപിതാക്കളെയും മുത്തശ്ശിമാരെയും അപമാനിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം നിങ്ങൾ കേട്ടിട്ടില്ലേ?' അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ജേണലിസ്റ്റ് അസോസിയേഷൻ (ഐ.ജെ.എ) സംഘടിപ്പിച്ച ഇന്ത്യ ഇൻസൈറ്റ്സ് പരിപാടിയിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും താനടക്കം നിരവധി രാഷ്ട്രീയക്കാർ നിരീക്ഷണത്തിലാണെന്നും കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇസ്രയേലി സ്പൈവെയർ പെഗാസസ് വഴി താൻ നിരീക്ഷണത്തിലാണെന്നും രാഹുൽ പറഞ്ഞിരുന്നു. മാധ്യമങ്ങളുടെയും ജുഡീഷ്യറിയുടെയും പിടിയും നിയന്ത്രണവും നിരീക്ഷണവും കേന്ദ്ര സർക്കാർ നടത്തുകയാണെന്നും രാഹുൽ വ്യക്തമാക്കി.
'ഒരു വലിയ സർവ്വകലാശാലയിൽ ഇന്ത്യയെക്കുറിച്ച് രാഹുൽ മോശമായ കാര്യങ്ങൾ പറയുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. പാക്കിസ്ഥാൻ പോലും ആഗോള വേദിയിൽ ഇന്ത്യയെക്കുറിച്ച് ഇത്തരം കാര്യങ്ങൾ പറയാൻ ധൈര്യപ്പെടില്ല. ഇന്ത്യയെ ജനാധിപത്യം ഇല്ലാത്ത സ്ഥലമായാണ് രാഹുൽ അവതരിപ്പിക്കുന്നതെന്നും ബി.ജെ.പി വക്താവ് സംബിത് പത്ര പറഞ്ഞു.