ഗ്വാട്ടിമല സിറ്റി- മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമലയിൽ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ച് 25 പേർ മരിച്ചു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ വർഷം ഇതു രണ്ടാമത്തെ പ്രാവശ്യമാണ് ഇവിടെ അഗ്‌നിപർവ്വതം പൊട്ടിത്തെറിക്കുന്നത്. ലാവാ പ്രവാഹവും കനത്ത പൊടിപടലങ്ങളും കൊണ്ട് ദുരന്തപൂർണമായിരിക്കുകയാണ് സമീപപ്രദേശങ്ങൾ. ആറു മൈലുകൾ ദൂരം വരെ അന്തരീക്ഷത്തിൽ പുക പടലമുണ്ട്. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും ചാരത്തിൽ കുളിച്ചിരിക്കുകയാണ്.
അഗ്‌നിപർവ്വതത്തിന് സമീപം താമസിക്കുന്നവരോട് മാറിപ്പോവാൻ നിർദേശിച്ചിട്ടുണ്ട്. 3700ൽ അധികം പേരെ രാത്രി നടത്തിയ തെരച്ചിലിൽ രക്ഷപ്പെടുത്തി. ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. 12 കുട്ടികൾ അടക്കം 15 പേരെ ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ ചിലർക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആന്റിഗ്വയിലാണ് ഏറെ അപകട നിലയിലുള്ള പർവ്വതം സ്ഥിതിചെയ്യുന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്. പൊട്ടിത്തെറിയെത്തുടർന്ന് 25 മൈൽ ദൂരെയുള്ള തലസ്ഥാന നഗരിയായ ഗ്വാട്ടിമല സിറ്റിയിലേക്കും ചാരം എത്തി. റൺവേയിൽ ചാരം പതിഞ്ഞതിനാൽ വിമാനത്താവളം തൽക്കാലത്തേക്ക് അടച്ചിട്ടു.