ബംഗളൂരു - കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതി ഉപരോധിച്ച പ്രതിപക്ഷ നേതാവ് സിദ്ധ രാമയ്യ, കെ.പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.
കൈക്കൂലി കേസിൽ ആരോപണവിധേയനായ ബി.ജെ.പി എം.എൽ.എ വിരുപക്ഷപ്പ രാജിവെക്കണമെന്നും ബി.ജെ.പി സർക്കാർ
ക്രിമിനലുകൾക്കുള്ള സംരക്ഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതി ഉപരോധിച്ചത്.
40 ലക്ഷ രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിരുപക്ഷപ്പയുടെ മകനും ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറുമായ പ്രശാന്ത് കുമാറിനെ ഓഫീസിൽനിന്ന് പിടികൂടിയിരുന്നു. പ്രശാന്ത് കുമാറിന്റെ വീട്ടിൽനിന്ന് ലോകായുക്ത ആറ് കോടിയിലധികം രൂപയും ആഭരണങ്ങളും ആഡംബര കാറുകളും നിക്ഷേപ രേഖകളും 400 ഏക്കറിലധികം കൈവശം വച്ചിരിക്കുന്നതായി സൂചിപ്പിക്കുന്ന ഭൂ തെളിവുകളും കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് പരിശോധന നടന്നത്. ഛന്നഗിരി മണ്ഡലം എം.എൽ.എ ആയ ഇദ്ദേഹത്തിന്റെ അച്ഛൻ വിരുപക്ഷപ്പ കെ.എസ്.ഡി.എൽ കമ്പനിയുടെ ചെയർമാൻ കൂടിയാണ്. അഴിമതിക്ക് കർണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതൃത്വവും ഒത്താശ ചെയ്യുകയാണെന്നും ഇവരെയെല്ലാം നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് പങ്ക് തുറന്നുകാട്ടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് സമരവീര്യം കെടുത്താമെന്നത് വ്യാമോഹമാണെന്നും കോൺഗ്രസ് ഓർമിപ്പിച്ചു.