കണ്ണൂർ-സി.പി.എമ്മിനകത്തെ പടലപ്പിണക്കം ആളിക്കത്തിച്ച റിസോർട്ട് വിവാദം, നേതാക്കളെ തന്നെ തിരിഞ്ഞു കൊത്താൻ സാധ്യത. പത്തു വർഷം മുമ്പ് ആരംഭിക്കുകയും രാഷ്ട്രീയ ഇടപെടലിലൂടെ ആറിത്തണുക്കുകയും ചെയ്ത വിവാദത്തെ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ തുറന്നു വിട്ടതോടെ അന്വേഷണം ആരിലേക്ക് എത്തുമെന്നത് പ്രവചനാതീതമായി. സി.പി.എം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകാൻ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജൻസികളുടെ കൈകളിലെത്തിയിരിക്കയാണ്. ആരോപണം ഉന്നയിച്ചപ്പോൾ, രാഷ്ട്രീയ വൃത്തങ്ങളിൽ കേവലമൊരു വിവാദമായി ഇത് ഒതുങ്ങുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കൊച്ചിയിലെ മാധ്യമപ്രവർത്തകന്റെ പരാതിയോടെ ഈ വിഷയം ദേശീയ തലത്തിലേക്ക് ഉയർന്നിരിക്കയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വർഷങ്ങൾക്ക് മുമ്പ് പി.ജയരാജൻ കൂടി ഉൾപ്പെടുന്ന കമ്മിറ്റി വിശദമായി ചർച്ച ചെയ്ത് ഒഴിവാക്കിയ വിഷയമാണ് മൊറാഴയിലെ ആയുർവേദ റിസോർട്ട് പ്രശ്‌നം. വർഷങ്ങൾക്കിപ്പുറം ഇതേ ജയരാജൻ തന്നെ ഇത്തരമൊരു പരാതി കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉന്നയിച്ചതു തന്നെ സംശയാസ്പദമാണ്. പരാതിയുണ്ടെന്ന് പി.ജയരാജനും, പിന്നീട് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തുടർന്നുള്ള ദിവസങ്ങളിൽ ശരി വെക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും ഈ വിഷയത്തിൽ കൈ കഴുകി. തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായി അറിയാമെന്നാണ് ഇ.പി.തുടർച്ചയായി ആവർത്തിക്കുന്നത്. പക്ഷെ ആളുടെ പേര് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. എന്നാൽ ഇ.പി.ജയരാജനെതിരെയുള്ള നീക്കത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നായിരുന്നു കെ.എം.ഷാജി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നത്.
സി.പി.എമ്മിന്റെ സമുന്നത നേതാക്കളിൽ ഒരാളായ ഇ.പി. നാല് പതിറ്റാണ്ടിലേറെയായി പാർട്ടിയുടെ തലപ്പത്തുണ്ട്. ഇ.പി.അറിയാത്ത ഒരു കാര്യവും പാർട്ടിക്കകത്തില്ല. മാത്രമല്ല, പാർട്ടിക്ക് വേണ്ടി സാമ്പത്തിക സമാഹരണം നടത്തിയിരുന്ന നേതാവ് കൂടിയായിരുന്നു ഇദ്ദേഹം. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനിൽ നിന്നും രണ്ട് കോടി നിക്ഷേപം സ്വീകരിച്ച തടക്കം വിവാദമായിരുന്നുവെങ്കിലും, അടുത്ത കാലം വരെ കേരള പാർട്ടിയിൽ രണ്ടാമനായിരുന്നു ഇ. പി. വൈദേകം റിസോർട്ട് വിഷയത്തിൽ ഇൻകം ടാക്‌സും, ഇ.ഡിയും നടത്തുന്ന അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ സ്വാഭാവികമായും ഇത് ഇ.പി.യിലേക്ക് എത്താൻ സാധ്യതയുണ്ട്. കള്ളപ്പണം വെളിപ്പിച്ചുവെന്ന പരാതി നൽകിയ മാധ്യമ പ്രവർത്തകൻ ഇ.പിക്കോ കുടുംബത്തിനോ നേരെ പരാതി നൽകിയിട്ടില്ലെങ്കിലും സ്ഥാപന ഉടമകളെന്ന നിലയിൽ ഇവരിലേക്ക് അന്വേഷണം എത്തുമെന്ന് ഉറപ്പാണ്. അന്വേഷണം ഇ.പി യിലേക്ക് എത്തിയാൽ, സജീവ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് അടുത്ത വൃത്തങ്ങളോട് ആവർത്തിക്കുന്ന, എല്ലാ രഹസ്യങ്ങളുമറിയാവുന്ന ഇ.പി പല വെളിപ്പെടുത്തലുകളും നടത്താനിടയുണ്ട്. ഉന്നതരുടെ ഉറക്കം കെടുത്തുന്നതാകും ഈ വെളിപ്പെടുത്തലുകൾ.