കണ്ണൂർ-മൊറാഴയിലെ വൈദേകം ആയുർവേദിക് റിസോർട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചതോടെ രാഷ്ട്രീയ നേതൃത്വങ്ങളും പണം നിക്ഷേപിച്ചവരും ആശങ്കയിൽ. അന്വേഷണം പുരോഗമിക്കുമ്പോൾ, വൈദേകത്തിലെ മുഴുവൻ ഡയറക്ടർമാരും അവരുടെ നിക്ഷേപത്തിന്റെ സ്രോതസ്സ് ബോധ്യപ്പെടുത്തേണ്ടി വരും. അന്വേഷണം രാഷ്ട്രീയ നേതാക്കളിലെത്തിയാൽ വരും ദിവസങ്ങളിൽ പുതിയ വെളിപ്പെടുത്തലുകളും ഉണ്ടാകും. സി.പി.എമ്മിനകത്തെ പടലപ്പിണക്കങ്ങളിൽ യഥാർഥത്തിൽ ഉറക്കം നഷ്ടപ്പെടുന്നത് പ്രവാസികളും വ്യവസായികളുമായ നിരവധി പേർക്കാണ്.
മൊറാഴയിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കണ്ണുരിലെ വ്യവസായിയുടെ കള്ളപ്പണമാണ് വൈദേകത്തിലേക്ക് ഒഴുകിയതെന്നാണ് പരാതി. ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന് പുറമെ ഇ.ഡി യും സംഭവത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നാണ് വിവരം. വൈദേകത്തിൽ പണം നിക്ഷേപിച്ചവരുടെ പേരുകളും തുകയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പി.കെ. ഇന്ദിര (80 ലക്ഷം), ജയ്‌സൺ (10 ലക്ഷം), കെ.പി. രമേശ്കുമാർ (78ലക്ഷം), ഫിദാ രമേശ് (50 ലക്ഷം). അഷറഫ് അലി (മൂന്നു കോടി), സുധാകരൻ ഗുരുക്കൾ (80 ലക്ഷം), ഗണേഷ് (85 ലക്ഷം), ഷാജി (നാലു ലക്ഷം), സുജാതൻ (25 ലക്ഷം), നാസർ (1.26 കോടി), മെഹറൂഫ് (20 ലക്ഷം), അബ്ദുറഹ്മാൻ (എട്ടുലക്ഷം), സാദിഖ് (1) ലക്ഷം), ഷാൻസി പോൾ (19 ലക്ഷം), അജിത്ത് (ഒരു കോടി), രാജേന്ദ്രൻ (25 ലക്ഷം), നജീബ് (രണ്ടുകോടി), സുഭാഷിണി (70 ലക്ഷം), രാജേഷ് പട്ടത്ത് (1.5 കോടി), ഷമീർ (50 ലക്ഷം) എന്നിവരാണ് വൈദേകത്തിലെ ഷെയർ ഹോൾഡർമാർ.
ഇ.പി.ജയരാജന്റെ മകൻ ജെയ്‌സണും, തലശ്ശേരിയിലെ കോൺട്രാക്ടർ കെ.പി.രമേഷ് കുമാറും ചേർന്നാണ് സ്ഥാപനത്തിന് തുടക്കമിട്ടത്. ഇ.പി.ജയരാജന്റെ, പാപ്പിനിശ്ശേരി അരോളിയിലെ വീടിന് സമീപത്തെ കെട്ടിടത്തിലായിരുന്നു ആദ്യത്തെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ജയ്‌സണ് തുടക്കത്തിൽ 26 ലക്ഷം രൂപയുടെ ഓഹരി ഉണ്ടായിരുന്നു. ജയ്‌സന്റെ അമ്മ പി.കെ. ഇന്ദിര, സഹകരണ ബാങ്ക് മാനേജർ സ്ഥാനത്തു നിന്ന് വിരമിച്ചശേഷം ജയ്‌സൺ ചെയർമാൻ സ്ഥാനമൊഴിയുകയും പത്തുലക്ഷം രൂപയുടെ ഓഹരി നിലനിർത്തി ബാക്കി പിൻവലിക്കുകയും ചെയ്തു. ഇന്ദിര 80 ലക്ഷം രൂപയുടെ ഓഹരി വാങ്ങി. റിസോർട്ടിൽ ഏറ്റവും കൂടുതൽ വ്യക്തിഗത ഓഹരി അവർക്കുതന്നെയാണ്. പി.കെ. ഇന്ദിരയ്ക്കും മകൻ ജയ്‌സണും കൂടി 91.99 ലക്ഷം രൂപയുടെ 9199 ഷെയറുണ്ട്. എന്നാൽ, മുൻ എം.ഡി. കെ.പി. രമേഷ് കുമാ റിനും മകൾ ഫിദയ്ക്കുമായി 99.99 ലക്ഷം രൂ പയുടെ 9999 ഷെയർ ഉണ്ട്.
ഇതിനിടയിൽ പി.കെ.രമേഷ്, കമ്പനിയുടെ നേതൃത്വത്തിൽ നിന്ന് ഒഴിഞ്ഞിരുന്നു. ഇ.പിയും പി.കെ.രമേഷ് കുമാറും തമ്മിലുള്ള അസ്വാരസ്യമാണ് ഇതിന് വഴിവെച്ചതെന്നാണ് സംസാരം.
2014 ഡിസംബർ ഒൻപതിനാന് കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിലവിൽവന്നത്. എറണാകുളത്തെ രജിസ്ട്രാർ ഓഫ് കമ്പനീസിലാണ് രജിസ്റ്റർ ചെയ്തത്. മൂന്നുകോടി രൂപയാണ് മൂലധനം. എറണാകുളം സ്വദേശിസി.കെ. ഷാജുവാണ് നിലവിലെ എം.ഡി കള്ളപ്പണം വെളുപ്പിച്ചുവെന്നു പറയുന്ന കണ്ണൂരിലെ പ്രവാസി വ്യവസായി 7.26 കോടി രൂപ റിസോർട്ടിൽ നിക്ഷേപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. അന്വേഷണം പുരോഗമിക്കുമ്പോൾ, പി കെ.ഇന്ദിര ഉൾപ്പെടെയുള്ളവർ നിക്ഷേപത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടി വരും. ഇതിന് പിന്നാലെ അന്വേഷണം ഇ.പി. ഉൾപ്പെടെയുള്ളവരിലേക്ക് എത്താനും സാധ്യതയുണ്ട്. ഇ.പി വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് വൻ നിക്ഷേപങ്ങൾ എത്തിയതെന്ന് ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്. തനിക്ക് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇ.പി. ആവർത്തിക്കുന്നത്.