ബാങ്കോക്ക്- സൗദി അറേബ്യ ക്രിക്കറ്റിലും വരവറിയിക്കുന്നു. ഇന്ന് (വെള്ളി) തായ്ലന്റിലെ ത്രെഡ്തായ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന എ.സി.സി മെൻസ് ചലഞ്ചർ ട്രോഫിയിൽ ഭൂട്ടാനെ ഒൻപത് വിക്കറ്റിനാണ് സൗദി തോൽപ്പിച്ചത്. ഇതോടെ സൗദി ഫൈനലിന് യോഗ്യത നേടി. ആദ്യം ബാറ്റ് ചെയ്ത് 22.2 ഓവറിൽ ഭൂട്ടാൻ നേടിയ 62 റൺസ് സൗദി 12.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറി കടന്നു. 41 പന്തിൽ ആറു ഫോറും ഒരു സിക്സറുമടക്കം 41 റൺസ് നേടി പുറത്താകാതെ നിന്ന വഖാറുൽ ഹസനാണ് സൗദിയുടെ വിജയശില്പി. സാദ് ഖാൻ 28 പന്തിൽ 16 റൺസ് നേടി. ഏഴു പന്തിൽ രണ്ടു റൺസ് നേടിയ അബ്ദുൽ വാഹിദിന്റെ വിക്കറ്റാണ് സൗദിക്ക് നഷ്്ടമായത്. സൗദിയുടെ ഇഷ്തിയാഖ് അഹമ്മദ് അഞ്ച് ഓവറിൽ ഏഴു റൺസ് വഴങ്ങി നാലു വിക്കറ്റ് കൊയ്തു. ആതിഫുറഹ്മാൻ, സൈനുൽ ആബിദീൻ എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.
കഴിഞ്ഞ മത്സരത്തിൽ മ്യാൻമറിനെ 327 റൺസിനാണ് സൗദി തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സൗദ 424 റൺസ് അടിച്ചു കൂട്ടിയിരുന്നു. എന്നാൽ 25.3 ഓവറിൽ 97 റൺസുമായി മ്യാൻമർ പുറത്തായി.