ബംഗളൂരു- നിയമസഭ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്ന കർണാടകയിൽ ബി.ജെ.പിക്ക് വൻ തിരിച്ചടിയായി എം.എൽ.എയുടെ മകന്റെ വീട്ടിൽനിന്ന് ആറു കോടി രൂപ പിടികൂടി. ബി.ജെ.പി. എം.എൽ.എ മദൽ വിരുപാക്ഷാപ്പയുടെ മകൻ പ്രശാന്ത് മദലിന്റെ വീട്ടിൽനിന്നാണ് വെള്ളിയാഴ്ച രാവിലെ ലോകായുക്ത അഴിമതി വിരുദ്ധ സംഘം കോടികൾ പിടികൂടിയത്. കൂമ്പരമായി കിടക്കുന്ന പണം ഉദ്യോഗസ്ഥർ എണ്ണിതിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവ്‌റേജ് ബോർഡ് ചെയർമാനാണ് മകൻ പ്രശാന്ത്. വ്യാഴാഴ്ച ഇയാളെ ഓഫീസിൽനിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു. പണം അടങ്ങിയ മൂന്ന് ബാഗോളം ഇയാളുടെ ഓഫിസിൽനിന്ന് പിടിച്ചെടുത്തു. ഇതിൽ 1.7 കോടി രൂപയുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കർണാടക സോപ്പ്‌സ് ആന്റ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ (കെ.എസ്.ഡി.എൽ) ചെയർമാനാണ് മദൽ വിരുപാക്ഷാപ്പ. ഇവരാണ് പ്രശസ്തമായ മൈസൂർ സാൻഡൽ സോപ്പിന്റെ നിർമാതാക്കൾ.