ഐഫോൺ ഉപയോക്താക്കൾക്ക് കമ്പ്യൂട്ടറുകളിൽനിന്ന് ഐമെസേജുകൾ അയക്കാനുള്ള സംവിധാനം വരുന്നു. എപ്പോഴും ഐഫോൺ ഉപയോഗിക്കാത്തവർക്ക്
മൈക്രോസോഫ്റ്റ് ഉപകരണങ്ങളിലൂടെ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും കോളുകൾ ചെയ്യാനും സ്വീകരിക്കാനും കഴിയും. നോട്ടിഫിക്കേഷനുകളും ഉടൻ തന്നെ കാണാം.
ഫീഡ് ബാക്ക് ലഭിക്കുന്നതിനായി പുതിയ ഫീച്ചറുകൾ വിൻഡോസ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിയതായി മൈക്രോസോഫ്റ്റ് ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഉപയോക്താക്കളുടെ ആദ്യ ഗ്രൂപ്പിൽ നിന്ന് ഫീഡ്ബാക്ക് ലഭിച്ചതിന് ശേഷം കൂടുതൽ പേർക്ക് ഇതിന്റെ പ്രിവ്യൂ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
ആപ്പ് നിലവിൽ സന്ദേശമയക്കാനും കോൾ ചെയ്യാനുമാണ് അനുവദിക്കുന്നത്. ഗ്രൂപ്പ് സന്ദേശമയക്കുന്നതിനോ മീഡിയ അയക്കുന്നതിനോ അനുവദിക്കുന്നില്ലെന്നും മൈക്രോസോഫ്റ്റ് ബ്ലോഗിൽ പറഞ്ഞു. ഫോൺ ലിങ്കിൽ ഫോട്ടോകൾ പങ്കിടാൻ കഴിയുന്നില്ലെങ്കിലും ഐക്ലൗഡ് ഫോട്ടോകൾ ഇതിനകം തന്നെ വിൻഡോസ് 11 ഫോട്ടോസ് ആപ്പിൽ സംയോജിപ്പിച്ചിട്ടുണ്ട്.
ഐഒസിലെ ഫോൺ ലിങ്കാണ് ബ്ലൂടൂത്ത് വഴി ഐഫോണുകളേയും കമ്പ്യൂട്ടറുകളേയും ജോടിയാക്കുന്നത്. ഇതിനർഥം കണക്റ്റ് ചെയ്തിരിക്കുന്നിടത്തോളം മാത്രമേ കമ്പ്യൂട്ടറിൽനിന്ന് മെസേജ് അയക്കാനും ഫോട്ടോ ഷെയർ ചെയ്യാനും സാധിക്കൂ എന്നാണ്.
ഫോൺ ലിങ്കിൽനിന്ന് അയച്ച സന്ദേശങ്ങൾ ഐഫോണുകളിൽ ഐമെസേജായാണ് കാണിക്കുകയെന്ന് മൈക്രോസോഫ്റ്റിന്റെ ഉപഭോക്തൃ മാർക്കറ്റിംഗ് മേധാവി യൂസഫ് മെഹ്ദി പറഞ്ഞു.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കുറച്ചുകാലമായി ഫോൺ ലിങ്ക് ലഭ്യമാകുന്നുണ്ട്. സാംസംഗ് ഫോണിൽ നിന്ന് വിൻഡോസ് ഉപകരണത്തിലേക്ക് ബ്രൗസർ സെഷനുകൾ എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാനുള്ള ഓപ്ഷൻ കൂടി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.