ട്വിറ്ററിൽ ഹിംസാത്മക സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ നയം പ്രഖ്യാപിച്ചു. ഹിംസയെ പ്രേരിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ അയച്ചാൽ അക്കൗണ്ട് നിരോധിക്കപ്പെടും. അക്രമ സന്ദേശത്തിന്റെ വ്യാപ്തിയും തോതുമനുസരിച്ച് അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെടുമെന്നും ട്വിറ്റർ മുന്നറിയിപ്പ് നൽകുന്നു.
സൈറ്റ് ഉപയോഗിക്കുന്നവർ നിർബന്ധമായും പാലിക്കേണ്ട വ്യവസ്ഥകളാണ് പുതിയ സ്പീച്ച് പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജനങ്ങൾക്കെതിരായ അക്രമ ഭീഷണികൾ മാത്രമല്ല, അതുപോലെ അടിസ്ഥാന സൗകര്യങ്ങൾക്കും കെട്ടിടങ്ങൾക്കുമെതിരായ ഭീഷണി സന്ദേശങ്ങളും നയം തടയുന്നു. മറ്റുള്ളവർക്ക് രോഗമോ ദുരന്തമോ ആഗ്രഹിച്ച് പ്രാർഥിച്ചാലും ഉപയോക്താക്കളെ സസ്‌പെൻഡ് ചെയ്യുകയോ നിരോധിക്കുകയോ ചെയ്യാം.
ട്വിറ്ററിന്റെ പുതിയ അക്രമാസക്തമായ സംഭാഷണ നയത്തിന് കീഴിൽ, ആരെയെങ്കിലും കൊല്ലുമെന്നോ ബലാത്സംഗം ചെയ്യുമെന്നോ ഭീഷണിപ്പെടുത്തുന്നത് അടിസ്ഥാന സൗകര്യങ്ങൾക്കോ ബിസിനസ് സ്വത്തുക്കൾക്കോ നാശമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമായ ഫലമാണ്.
മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തരുത്. ഇതിൽ കൊല്ലപ്പെടുമെന്നോ, പീഡിപ്പിക്കുമെന്നോ, ലൈംഗികാതിക്രമത്തിന് ഇരയാക്കുമെന്നോ ഉള്ള ഭീഷണിയും ഉൾപ്പെടുന്നു. സിവിലിയൻ വീടുകളും പാർപ്പിടങ്ങളും അല്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുമെന്ന ഭീഷണിയും ഇതിൽ ഉൾപ്പെടുന്നു.- ട്വിറ്ററിന്റെ അപ്‌ഡേറ്റ് ചെയ്ത നയം വ്യക്തമാക്കുന്നു.
നയം ലംഘിക്കപ്പെടുമ്പോൾ മിക്ക കേസുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് ഉപയോക്താക്കളെ ഉടനടി പുറത്താക്കും. വ്യക്തമാകാത്തതും തീവ്രത കുറഞ്ഞതുമായ ഭീഷണികളാണെങ്കിൽ അക്കൗണ്ടുകൾ താൽക്കാലികമായി ലോക്ക് ചെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
മറ്റുള്ളവർക്ക് ദോഷം ആഗ്രഹിക്കുകയോ, പ്രതീക്ഷിക്കുകയോ, അല്ലെങ്കിൽ ആഗ്രഹം പ്രകടിപ്പിക്കുകയോ ചെയ്യരുത്. മറ്റുള്ളവർ മരിക്കണം, അസുഖങ്ങൾ അനുഭവിക്കണം, ദാരുണമായ സംഭവങ്ങളുണ്ടാകണം എന്നൊക്കെ ആഗ്രഹിച്ച് അത്തരം സന്ദേശങ്ങൾ അയക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ആരെങ്കിലും ശാരീരിക ഉപദ്രവം അനുഭവിക്കണമെന്ന ആഗ്രഹമോ പ്രതീക്ഷയോ പ്രകടിപ്പിക്കുന്ന പ്രസ്താവനകൾ ഇതുവരെ ട്വിറ്ററിന്റെ അക്രമാസക്തമായ സംഭാഷണ നയത്തിന് കീഴിൽ ഉണ്ടായിരുന്നില്ല.
ശതകോടീശ്വരനായ എലോൺ മസ്‌ക് കഴിഞ്ഞ ഒക്ടോബറിൽ 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതുമുതൽ അദ്ദേഹം ആപ്പിന്റെ സ്വകാര്യ വിവര നയം മാറ്റിയിരുന്നു. തന്റെ സ്വകാര്യ ജെറ്റ് ട്രാക്ക് ചെയ്ത ഒരു കോളേജ് വിദ്യാർത്ഥിയെ വിലക്കിയായിരുന്നു തുടക്കം. കോടീശ്വരന്മാരായി അഭിനയിച്ച് പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചതോടെ ആക്ഷേപഹാസ്യ അക്കൗണ്ടുകൾക്കും പുതിയ നയം ബാധകമാക്കി. ഇപ്പോൾ അക്രമാസക്ത സംഭാഷണ നയത്തിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചതെന്താണെന്ന് ട്വിറ്റർ വ്യക്തമാക്കിയിട്ടില്ല.
-----