അമ്മ ഉറങ്ങുകയാണെന്ന് കരുതി പതിനൊന്നുകാരന്‍  മൃതദേഹത്തോടൊപ്പം ചെലവഴിച്ചത് രണ്ടു ദിവസം 

ബംഗളൂരു-അമ്മ മരിച്ചത് മനസിലാകാതെ 11കാരന്‍ മൃതദേഹത്തിനൊപ്പം താമസിച്ചത് രണ്ട് ദിവസമെന്ന് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ ആര്‍ ടി നഗറിലാണ് സംഭവം. അമ്മ മരിച്ച വിവരം കുട്ടി അറിഞ്ഞില്ലെന്നാണ് പോലീസ് പറഞ്ഞത്. ദേഷ്യം കാരണം അമ്മ തന്നോട് പിണങ്ങി ഉറങ്ങുകയാണെന്നാണ് കുട്ടി കരുതിയത്. അതിനാലാണ് അമ്മ മിണ്ടാത്തതെന്നും കുട്ടി ധരിച്ചു.
ഫെബ്രുവരി 26നാണ് പ്രമേഹവും രക്തസമ്മര്‍ദ്ദവും കുറഞ്ഞ് 44കാരിയായ അന്നമ്മ താമസ്ഥലത്ത് മരിക്കുന്നത്. എന്നാല്‍ അമ്മ ക്ഷീണം കാരണം മുഴുവന്‍ സമയവും ഉറങ്ങുകയാണെന്ന് കരുതി കുട്ടി ആരോടും ഒന്നും പറഞ്ഞില്ല. അന്നമ്മയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് വൃക്ക തകരാറിലായി മരിച്ചു. വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്.പകല്‍ സമയങ്ങളില്‍ കുട്ടി വീട്ടില്‍ നിന്ന് പുറത്തിറങ്ങുകയും കൂട്ടുകാരുമായി കളിക്കുകയും ചെയ്തു. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണവും കഴിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അമ്മ തന്നോട് മിണ്ടുന്നില്ലെന്നും രാത്രിയും പകലും ഉറങ്ങുകയാണെന്നും കുട്ടി അച്ഛന്റെ സുഹൃത്തുക്കളോട് വിവരം പറഞ്ഞു. തുടര്‍ന്ന് അവര്‍ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ അന്നമ്മയെ കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍ ടി നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest News