ന്യൂദല്‍ഹി-ജെഎന്‍യുവില്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍വകലാശാല അധികൃതര്‍. പ്രതിഷേധങ്ങള്‍ അതിരുവിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണങ്ങള്‍. ധര്‍ണ നടത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക് 20,000 രൂപ പിഴയും അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ പ്രവേശനം റദ്ദാക്കുമെന്നും നിയമാവലിയില്‍ പറയുന്നു. സര്‍വകലാശാലയിലെ പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ക്കും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്.
നിരാഹാര സമരം, ഏതെങ്കിലും തരത്തില്‍ സംഘം ചേര്‍ന്ന് പ്രവേശന കവാടം തടസ്സപ്പെടുത്തല്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ക്കും 20,000 രൂപയാണ് പിഴ. പുതുക്കിയ നിയമങ്ങള്‍ ഫെബ്രുവരി 3 മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്നും നിയമാവലി പറയുന്നു. വിവാദ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കുള്ള നിയമങ്ങള്‍ മാറ്റി ഉത്തരവിറങ്ങിയത്. വഴി തടയല്‍, ഹോസ്റ്റല്‍ റൂമുകളില്‍ അനധികൃതമായി പ്രവേശിക്കല്‍, അസഭ്യം പറയല്‍, ആള്‍മാറാട്ടം തുടങ്ങി 17 ലേറെ കുറ്റങ്ങളാണ് ശിക്ഷാര്‍ഹമായി പുതിയ നിയമത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
പരാതികളുടെ പകര്‍പ്പ് വിദ്യാര്‍ഥികളുടെ വീടുകളിലേക്ക് അയയ്ക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പുതുക്കിയ നിയമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി യൂണിയനുകള്‍ രംഗത്തെത്തി. തുഗ്ലക് പരിഷ്‌കാരങ്ങളാണെന്നും പിന്‍വലിക്കണമെന്നും സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. ഉത്തരവിനെ കുറിച്ച് പ്രതികരിക്കാന്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റ് തയാറായിട്ടില്ല.