അഗർത്തല - നിറം മങ്ങിയെങ്കിലും ത്രിപുരയിൽ തുടർ ഭരണം ഉറപ്പിച്ച് മുഖ്യമന്ത്രി മണിക് സാഹയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ. ലീഡ്‌നില മാറിമറിഞ്ഞ ആദ്യഘട്ടത്തിലെ സസ്‌പെൻസുകൾക്കൊടുവിലാണ് ആകെയുള്ള 60 സീറ്റിൽ കേവല ഭൂരിപക്ഷമായ 31 സീറ്റിലും ഒരു സീറ്റ് കൂടുതലായി 32 സീറ്റ് ലീഡിലേക്ക് ബി.ജെ.പി നില മെച്ചപ്പെടുത്തിയത്.
ബി.ജെ.പിയെ അധികാരത്തിൽനിന്നും തുടച്ചുനീക്കാനായില്ലെങ്കിലും ഗോത്ര മേഖലയിൽ മേൽക്കൈയുള്ള തിപ്ര മോർത്തയെ മൂന്നാംസ്ഥാനത്തേക്ക് തള്ളി രണ്ടാം സ്ഥാനത്തെത്തി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സി.പി.എം-കോൺഗ്രസ് സഖ്യത്തിനാവും എന്നതാണ് അവർക്കുള്ള ആശ്വാസം. ഇടത്-കോൺഗ്രസ് സഖ്യം 16 സീറ്റിലാണിപ്പോൾ മുന്നേറുന്നത്. ഇതിൽ 11 സീറ്റിൽ സി.പി.എമ്മും നാലു സീറ്റിൽ കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്.
ഒരുവേള ത്രിപുര ആര് ഭരിക്കണമെന്ന നിർണായക തീരുമാനത്തിന് ഉത്തരമേകുമെന്ന കരുതിയ പ്രദ്യോത് ദേബ് ബർമ്മയുടെ ഗോത്രവർഗ പാർട്ടിയായ തിപ്ര മോത്ത പാർട്ടി 11 സീറ്റുകളിലാണിപ്പോൾ ലീഡ് ചെയ്യുന്നത്. രണ്ടര പതിറ്റാണ്ടുനീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചാണ് 2013-ൽ ഒരു എം.എൽ.എ പോലുമില്ലാതിരുന്ന ബി.ജെ.പി സ്വന്തമായി 36 സീറ്റ് നേടി 2018-ൽ ആദ്യമായി ത്രിപുരയിൽ താമര വിരിയിപ്പിച്ചത്. ബി.ജെ.പി സഖ്യത്തിന്റെ 44 സീറ്റെന്ന പഴയ തിളക്കം കാഴ്ചവെക്കാനാകില്ലെങ്കിലും അധികാരം നിലനിർത്താനായി എന്നത് ബി.ജെ.പിക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഒരു സീറ്റിൽ സ്വതന്ത്രനാണ് മുന്നിൽ.