ഷില്ലോങ് - മേഘാലയയിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ആദ്യ നാലു മണിക്കൂറുകൾ പിന്നിടുമ്പോൾ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) മുന്നേറ്റം തുടരുന്നു. 60 അംഗ നിയമസഭയിൽ തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റിൽ 27 സീറ്റിലാണ് എൻ.പി.പി ലീഡ് ചെയ്യുന്നത്.
ഏഴ് സീറ്റുകളിൽ ലീഡ് ചെയ്യുന്ന തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ആണ് രണ്ടാംസ്ഥാനത്തുള്ളത്. ബി.ജെ.പിയും കോൺഗ്രസും നാലു വീതം സീറ്റുകളിലും യു.ഡി.പി ആറു സീറ്റിലും മറ്റുള്ളവർ 11 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
2018-ൽ എൻ.പി.പിക്ക് 19 സീറ്റ് ലഭിച്ചിടത്താണ് ഇത്തവണ 27 സീറ്റിൽ കുതിപ്പ് തുടരുന്നത്. മുൻവർഷം വട്ടപ്പൂജ്യമായിരുന്ന തൃണമൂൽ കോൺഗ്രസിന് കന്നിയങ്കത്തിൽതന്നെ ഏഴ് സീറ്റിന്റെ മുന്നേറ്റം കാഴ്ചവയ്ക്കാനായത് മികച്ച നേട്ടമാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ കൂടുതൽ സീറ്റിൽ ലീഡ് ചെയ്യാനും ടി.എം.സിക്ക് സാധിച്ചിരുന്നു.
2018-ൽ 21 സീറ്റ് സമ്പാദ്യമുണ്ടായിരുന്ന മേഘാലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥിതി അതിദയനീയമായി നാലിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യമാണുള്ളത്. എന്നാൽ 2018-ൽ കാര്യമായ കയ്യിലിരിപ്പ്് ഒന്നുമില്ലാതിരുന്ന ബി.ജെ.പിക്കും നാലു സീറ്റ് അടിച്ചെടുക്കാമെന്ന പ്രതീക്ഷയാണ് ലീഡിംഗ് നില നൽകുന്നത്. മുൻവർഷം ആറ് സീറ്റുണ്ടായിരുന്ന യു.ഡി.പി ഇത്തവണയും അത്രയും സീറ്റുകളിൽ ലീഡ് തുടരുന്നു. 2018-ൽ 13 സീറ്റിലാണ് മറ്റുള്ളവർ വിജയിച്ചതെങ്കിൽ ഇത്തവയും അത് 11ൽ നിൽക്കുന്നു.