കൊഹിമ - വടക്കു കിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിലെ ലീഡിംഗ് സൂചനകൾ അനുസരിച്ച് ഭരണമുറപ്പിച്ച് ബി.ജെ.പി-എൻ.ഡി.പി.പി സഖ്യത്തിന്റെ തേരോട്ടം. ആകെയുള്ള 60 സീറ്റിൽ 48 സീറ്റിലും ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം ലീഡ് ചെയ്യുകയാണ്. എൻ.ഡി.പി.പിയാണ് 36 സീറ്റുകളിൽ ലീഡ് ചെയ്യുന്നത്. ബി.ജെ.പി 12 സീറ്റിലും ലീഡ് ചെയ്യുന്നു.
എൻ.പി.എഫ് ആറ് സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും എൻ.പി.പി മൂന്ന് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
2018-ൽ ബി.ജെ.പിക്ക് 12ഉം സഖ്യകക്ഷിയായ എൻ.ഡി.പി.പിക്ക് 17ഉം സീറ്റുണ്ടായിരുന്നിടത്താണ് സഖ്യമിപ്പോൾ 48 സീറ്റിൽ ലീഡ് ചെയ്യുന്നത്. അന്ന് എൻ.പി.എഫിന് 26ഉം എൻ.പി.പിക്ക് രണ്ടും സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ എൻ.പി.എഫിന് കനത്ത തിരിച്ചടിയുണ്ടായതായാണ് ആദ്യഘട്ട ലീഡിംഗ് സൂചനകൾ വ്യക്തമാക്കുന്നത്.
ത്രിപുരയിൽ തുടക്കത്തിൽ ബി.ജെ.പി വൻ മുന്നേറ്റം പ്രകടമാക്കിയെങ്കിലും ആ കുതിപ്പ് അതേപ്പടി തുടരാനാവാത്ത സ്ഥിതിയാണ് ബി.ജെ.പിക്കുള്ളത്. ലീഡ് നില മാറിമറിയുകയാണ്. രാവിലെ 40 സീറ്റുകളിലുണ്ടായ ലീഡ് ഇപ്പോൾ 28 സീറ്റിലേക്ക് മാറിയിട്ടുണ്ട്. 15 സീറ്റിൽ സി.പി.എമ്മും അഞ്ചു സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു്. ഗോത്ര മേഖലയിൽ ശക്തമായ സ്വാധീനമുള്ള ടി.എം.പി 12 സീറ്റിൽ ലീഡ് ചെയ്യുന്നു.
മേഘാലയയിൽ തൃണമൂൽ കോൺഗ്രസിന്റെ മുന്നേറ്റമാണ് ആദ്യ രണ്ടുമണിക്കൂറിൽ പ്രകടമായത്. എന്നാലിപ്പോൾ ലീഡ് നില എൻ.പി.പി ഉയർത്തുന്നതായാണ് സൂചനകൾ. തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റിൽ 26 സീറ്റിലാണിപ്പോൾ എൻ.പിപി മുന്നിട്ടുനിൽക്കുന്നത്. ടി.എം.സി ഏഴും ബി.ജെ.പിയും കോൺഗ്രസും നാലുവീതം സീറ്റുകളിലും ലീഡ് ചെയ്യുന്നു. യു.ഡി.പി ഏഴും മറ്റുള്ളവർ 11ഉം സീറ്റുകളിൽ മുന്നേറ്റം തുടരുന്നു.