ഏറ്റവും പുതിയ റിലീസായ സെൽഫിയും ബോക്‌സോഫീസിൽ തകർന്നതോടെ വൻ തിരിച്ചടി നേരിടുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. പഠാന്റെ വമ്പൻ വിജയത്തിന് ശേഷം ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരുന്ന വലിയ റിലീസായിരുന്നു സെൽഫി. എന്നാൽ തുടർച്ചയായി നാലാം ചിത്രവും പരാജയപ്പെട്ടത് അക്ഷയ് കുമാറിന് മാത്രമല്ല, ബോളിവുഡിന് മൊത്തത്തിലും ക്ഷീണമായി.
2009 നുശേഷം ഒരു അക്ഷയ് കുമാർ ചിത്രം നേടുന്ന ഏറ്റവും കുറഞ്ഞ ഓപണിംഗ് ആണ് സെൽഫിയുടേതെന്നാണ് കണക്ക്.
എന്നാൽ തുടർ പരാജയങ്ങൾ തന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ അനുഭവമല്ലെന്നാണ് അക്ഷയ് കുമാറിന്റെ പ്രതികരണം.
ആലോചിച്ച് കാര്യങ്ങൾ തിരിച്ചറിഞ്ഞ് സ്വയം തിരുത്താനുള്ള അവസരമാണ് തുടർ പരാജയങ്ങൾ നൽകുന്നതെന്ന് അക്ഷയ് കുമാർ ആജ് തക് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തുടർച്ചയായി 16 പരാജയങ്ങൾ സംഭവിച്ച ഒരു സമയമുണ്ടായിരുന്നു എനിക്ക്. മറ്റൊരിക്കൽ നായകനായ എട്ട് ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു. പക്ഷേ അത് സ്വന്തം വീഴ്ച കൊണ്ട് സംഭവിക്കുന്നതായാണ് എന്റെ വിലയിരുത്തൽ. ഇന്നത്തെ പ്രേക്ഷകർ ഒരുപാട് മാറി. താരങ്ങൾ അതിനനുസരിച്ച് മാറേണ്ടതുണ്ട്. ആ മാറ്റത്തിനുവേണ്ടി ശ്രമിക്കുകയാണ് ഞാൻ. അത് മാത്രമാണ് എനിക്ക് ചെയ്യാനാവുക. പ്രേക്ഷകരെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തേണ്ടതില്ല. ഇത് 100 ശതമാനം എന്റെ വീഴ്ചയാണ്- അക്ഷയ് കുമാർ പറഞ്ഞു.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ് എന്ന മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്കായ സെൽഫിയിൽ അക്ഷയ് കുമാറിനൊപ്പം ഇംറാൻ ഹാഷ്മിയാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്.