ലഖ്‌നൗ- പണം നല്‍കി ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മലയാളി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ചിലെ പാസ്റ്റര്‍ സന്തോഷ് ജോണ്‍ ഏബ്രഹാം (55) ഭാര്യ ജിജി(50)എന്നിവരാണ് ഗാസിയാബാദില്‍ അറസ്റ്റിലായത്. ഗാസിയാബാദിലെ ഇന്ദിരാപുരത്ത് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയത്.
തിങ്കളാഴ്ച ഇവരുടെ വീട്ടിലെത്തിയാണ് പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ക്രിസ്തുമതം സ്വീകരിച്ചാല്‍ രണ്ട് ലക്ഷം രൂപ വീതവും വീട് പണിയാന്‍ ഭൂമിയും ദമ്പതികള്‍ വാഗ്ദാനം ചെയ്‌തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
20 പേരെ മതപരിവര്‍ത്തനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. 2021ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം പ്രകാരമാണ് കേസ്. ദമ്പതികളില്‍ നിന്ന് ബാങ്ക് രേഖകളും സമൂഹമാധ്യമ ചാറ്റുകളും കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, സന്തോഷും ഭാര്യയും മതപ്രഭാഷണം നടത്താറുണ്ടെങ്കിലും ആരെയും മതപരിവര്‍ത്തനത്തനത്തിന് നിര്‍ബന്ധിക്കാറില്ലെന്ന് പ്രദേശ വാസികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.