മുംബൈ- കല്ല് കിട്ടിയതിനു പിറകെ എയര്‍ ഇന്ത്യ ഭക്ഷണത്തില്‍ പ്രാണിയും. എയര്‍ ഇന്ത്യ ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കു നല്‍കിയ ഭക്ഷണത്തില്‍ പ്രാണി കണ്ടെത്തിയെന്ന ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
മുംബൈ- ചെന്നൈ യാത്രയില്‍ വിളമ്പിയ ഭക്ഷണത്തില്‍ പ്രാണിയെ കണ്ട ചിത്രം മഹാവീര്‍ ജെയ്ന്‍ എന്ന യാത്രക്കാരനാണു ട്വീറ്റ് ചെയ്തത്. ബിസിനസ് ക്ലാസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പ്രാണികള്‍ ഉണ്ടായിരുന്നു. ശുചിത്വം പാലിച്ചതായി തോന്നുന്നില്ല...എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവച്ചത്. ഇതിനു മുമ്പ് വിമാനത്തിലെ ഭക്ഷണത്തില്‍ നിന്നും കല്ല് ലഭിച്ചതും വാര്‍ത്തയായിരുന്നു.
ശുചിത്വം ഉറപ്പാക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് ജെയിനോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യയുടെ മറുപടി. കാറ്ററിംഗ് ടീമിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി വിശദാംശങ്ങള്‍ നല്‍കന്‍ എയര്‍ ഇന്ത്യ യാത്രക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു.
ഷെഫ് സഞ്ജീവ് കപൂറും വിമാനയാത്രയില്‍ വിളമ്പിയ ഭക്ഷണത്തെ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. തണ്ണിമത്തന്‍, കുക്കുമ്പര്‍, തക്കാളി എന്നിവയ്‌ക്കൊപ്പം തണുത്ത ചിക്കന്‍ ടിക്ക. കാബേജും മയൊണൈസും ഫില്ലിങ് ആയി നിറച്ച ഒരു സാന്‍വിച്ച്. ക്രീമില്‍ തിളങ്ങുന്നൊരു പഞ്ചസാര സിറപ്പ് എന്നിവയായിരുന്നു പ്രഭാത ഭക്ഷണമായി തനിക്ക് നല്‍കിയതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ശരിക്കും ഇന്ത്യക്കാര്‍ ഇതാണോ പ്രഭാതഭക്ഷണമായി കഴിക്കുന്നത് എന്ന ചോദ്യവുമായി എയര്‍ ഇന്ത്യ പേജിനെ ടാഗ് ചെയ്തായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
സേവനം മികച്ചതാക്കുമെന്നും ഇനിയുള്ള യാത്രകളില്‍ മികച്ച ഭക്ഷണം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നാണ് എയര്‍ ഇന്ത്യ മറുപടി നല്‍കിയത്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനുശേഷം എയര്‍ ഇന്ത്യയുടെ എല്ലാ രംഗത്തും സമൂല പരിവര്‍ത്തനത്തിനു ശ്രമിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഉദ്യോഗസ്ഥര്‍ വിവിധ രാജ്യങ്ങളില്‍ പോയി അഭിപ്രായങ്ങള്‍ തേടുന്നുമുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)