ചെന്നൈ - റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മലയാളി കോളജ് വിദ്യാർത്ഥിനിക്കു ദാരുണാന്ത്യം. താംബരം എം.സി.സി കോളജിലെ ഒന്നാം വർഷ ബി.എസ്.സി സൈക്കോളജി വിദ്യാർത്ഥിനിയും കൊല്ലം പുത്തൂർ സ്വദേശിനിയുമായ നിഖിത കെ സിബി (19) ആണ് മരിച്ചത്. ചെന്നൈ-ഗുരുവായൂർ എക്‌സ്പ്രസ് തട്ടിയാണ് അപകടം. നിഖിത സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു നിഖിതയുടെ താമസം. ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ഹെഡ്‌ഫോണിൽ സംസാരിച്ച് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാൻ വിട്ടുപോയതാണ് അപകടത്തിന് കാരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.