ഹൈദരാബാദ്- തെലങ്കാനയിലെ വാറങ്കലില്‍ 20 കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങള്‍ ആണ്‍ സുഹൃത്ത് മറ്റുള്ളവരുമായി പങ്കുവച്ചതിന് പിന്നാലെയാണ് ഇരുപതുകാരി ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകിട്ടോടെയാണ് ബന്ധുവീട്ടില്‍ യുവതി ജീവനൊടുക്കിയത്. മകളെ കാണാനില്ലെന്ന് കാണിച്ച് ഈ മാസം 22ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം യുവതി വീട്ടില്‍ തിരികെ എത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിക്ക് കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ഇവര്‍ തമ്മില്‍ അകന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ഫോട്ടോകള്‍ സുഹൃത്ത് മറ്റുള്ളവരുമായി പങ്കുവച്ചത്. വിദ്യാര്‍ത്ഥിനിയുടെ ബാല്യകാല ചിത്രങ്ങളാണ് കൂട്ടുകാരന്‍ പങ്കുവച്ചത്. ഇതില്‍ പ്രകോപിതയായ യുവതി ഞായറാഴ്ച വൈകുന്നേരം ബന്ധുവീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സഹപാഠികള്‍ ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ച് അപമാനിച്ചതിനാലാണ് താന്‍ വീടുവിട്ടതെന്ന് യുവതിയുടെ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.