ന്യൂദൽഹി - മാർച്ച് അഞ്ചിന് നടത്താൻ നിശ്ചയിച്ച നീറ്റ് പി.ജി പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. പ്രവേശന പരീക്ഷ ഏപ്രിൽ, മെയ് മാസത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള വിദ്യാർത്ഥികളുടെ ഹർജികൾ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.
പരീക്ഷാ തിയ്യതി ആറു മുതൽ എട്ടാഴ്ച്ച വരെ നീട്ടിവെക്കണമെന്നായിരുന്നു ഹരജിക്കാരുടെ വാദം. 67,000 ഉദ്യോഗാർത്ഥികൾ പുതുമുഖങ്ങളാണെങ്കിൽ 1,20,000 വിദ്യാർത്ഥികൾക്ക് അവരുടെ ഇന്റേൺഷിപ്പ് എങ്ങനെ പൂർത്തിയാക്കാൻ കഴിയുമെന്നായിരുന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ചോദിച്ചത്. രജിസ്‌ട്രേഷൻ തിയ്യതിക്ക് മുമ്പുള്ള വിൻഡോയിൽ രണ്ടു ലക്ഷം വിദ്യാർത്ഥികൾ എൻറോൾ ചെയ്തിട്ടുണ്ടെന്നും അടുത്തിടെ നടത്തിയ രജിസ്‌ട്രേഷൻ വിൻഡോയിൽ 5,000 ഉദ്യോഗാർത്ഥികൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കൂടാതെ ആറുമാസം മുമ്പാണ് പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചതെന്നും വിദ്യാർത്ഥികൾക്ക് തയ്യാറെടുക്കാൻ മതിയായ സമയം ലഭിച്ചില്ലെന്നും ഹർജിക്കാർ വാദിച്ചു.
എന്നാൽ, ഇതിനകം രണ്ടു ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വസ്തുത കണക്കിലെടുത്ത്, പരീക്ഷ മാറ്റിവയ്ക്കുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വാദത്തിനിടെ സുപ്രിംകോടതി ബെഞ്ച് നിരീക്ഷിച്ചു. ഹർജിയിൽ കഴിഞ്ഞ വെള്ളിയാഴ്ച കോടതി ദേശീയ പരീക്ഷാ ബോർഡിന്റെ പ്രതികരണം തേടിയിരുന്നു.
ജനുവരി ഏഴിന് നീറ്റ് പിജി പരീക്ഷയ്ക്ക് ആദ്യമായി വിജ്ഞാപനം പുറപ്പെടുവിച്ചപ്പോൾ ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നതിനുള്ള കട്ട്ഓഫ് തിയ്യതി മാർച്ച് 31, 2023 ആയി നിശ്ചയിച്ചിരുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
പിന്നീട് ഫെബ്രുവരി ഏഴിന് കട്ട് ഓഫ് തിയ്യതി 2023 ആഗസ്ത് 11 വരെ നീട്ടി. കട്ട് ഓഫ് തിയ്യതി നീട്ടിയെങ്കിലും, ആദ്യം പ്രഖ്യാപിച്ച തിയ്യതിയിൽ പരീക്ഷകൾ നടത്തേണ്ടതിനാൽ, പുതുതായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് തയ്യാറെടുക്കാൻ മതിയായ സമയം ലഭിക്കുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. അതിനാൽ 2023 ആഗസ്ത് 11ന് മുമ്പ് കൗൺസലിംഗ് നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി നീറ്റ് പി.ജി പരീക്ഷ മാറ്റിവയ്ക്കണമെന്നായിരുന്നു ഹർജിക്കാർ ആവശ്യപ്പെട്ടത്. ഇത് തള്ളിയാണ് പരീക്ഷ മാർച്ച് അഞ്ചിന് തന്നെ നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയത്.