തിരുവനന്തപുരം : നിരവധി വിവാദങ്ങളും പ്രതിഷേധങ്ങളും അരങ്ങു തകര്‍ക്കുന്നതിനിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ്, ലൈഫ് മിഷന്‍ കോഴ തുടങ്ങിയ വിഷയങ്ങള്‍ സഭയില്‍ സജീവ ചര്‍ച്ചയാകുന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാകും. . ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ മാസം ഒന്‍പതിനാണ് നിയമസഭ താത്കാലികമായി പിരിഞ്ഞത്.
ലൈഫ് കോഴ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യുന്നതും സര്‍ക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കും. സഭയ്ക്ക് പുറത്തും ഇതേ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം. ധന വിനിയോഗ ബില്ല് ഇന്ന് സഭയില്‍ ചര്‍ച്ചയ്ക്ക് വരും. സമരങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്നും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബന്ദിയാക്കുന്നുവെന്നും ആരോപിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം നീക്കം നടത്തുന്നുണ്ട്. ഗവര്‍ണര്‍ അനുമതി നല്‍കാത്തതിനാല്‍ ഇന്നു ലിസ്റ്റ് ചെയ്തിരുന്ന കാലിക്കറ്റ് സര്‍വ്വകലശാല സിന്‍ഡിക്കേറ്റ് രൂപീകരണ ബില്‍ പരിഗണിക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്.