ഹോങ്കോംഗ്- മോഡലും യൂട്യൂബറുമായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച നാലുപേര്‍ പോലീസ് പിടിയില്‍. എബി ചോയി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ചയാണ് യുവതിയെ കാണാതായത്. ചൊവ്വാഴ്ച ലുങ് മെയ് ഗ്രാമത്തിലെ ഒരു വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു. യുവതിയും മുന്‍ ഭര്‍ത്താവിന്റെ കുടുംബവും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. യുവതി സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി കൊലപാതകത്തില്‍ കലാശിച്ചായാണ് പോലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ. എഫ്. പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുന്‍ ഭര്‍ത്താവിന്റെ പിതാവ് വാടകയ്‌ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നാണ് യുവതിയുടെ രണ്ട് കാലുകളും തിരിച്ചറിയല്‍ കാര്‍ഡും ക്രെഡിറ്റ് കാര്‍ഡുകളും കണ്ടെത്തിയത്. മനുഷ്യശരീരം ഛേദിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും ലഭിച്ചു. മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെയും ജ്യേഷ്ഠനെയും അറസ്റ്റ് ചെയ്‌തെങ്കിലും 28കാരനായ മുന്‍ ഭര്‍ത്താവ് ഒളിവിലായിരുന്നു. ഇയാള്‍ ബോട്ടില്‍ നഗരം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.