ബംഗളൂരു- ആരോഗ്യാവസ്ഥ വളരെ മോശം അവസ്ഥയിലാണെന്നും ഇനിയൊരിക്കൽ കൂടി നിങ്ങളോട് സംസാരിക്കാൻ കഴിയുമോ എന്നറിയില്ലെന്നും പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅ്ദനി. ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മഅ്ദനി ശബ്ദസന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മഅ്ദനിയുടെ സന്ദേശം:
കഴിഞ്ഞ കുറെ ദിവസമായി ആരോഗ്യാവസ്ഥ വളരെ മോശമാണ്. കഴിഞ്ഞ റമദാനിലാണ് സ്‌ട്രോക്ക് ഉണ്ടായത്. മുഖം കോടി സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. എന്നാൽ വിദഗ്ധ ചികിത്സ ലഭിച്ചതിനാൽ പെട്ടെന്ന് തന്നെ സുഖമായി. പിന്നീടും ശാരീരിക അവശതയുണ്ടായെങ്കിലും മികച്ച ചികിത്സയിലൂടെയും മരുന്നുകളിലൂടെയും രോഗത്തിന് കുറവുണ്ടായി.
ഏതാനും ദിവസം മുമ്പുണ്ടായ ശക്തമായ വേദന കണ്ണിന്റെ മുകൾ ഭാഗം മുതൽ താടിയെല്ലും അടക്കം ശരീരത്തിന്റെ ഇടതുഭാഗത്ത് മുഴുക്കേയുണ്ടായി. പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ല. തിങ്കളാഴ്ചയാണ് ഇ.എൻ.ടിയെ കണ്ടത്. അദ്ദേഹം കുറെ ആന്റബയോട്ടിക്കുകൾ കണ്ടു. ശരീരത്തിനുണ്ടായ അവശതകൾ വിശദീകരിച്ചപ്പോൾ നിർബന്ധമായും ന്യൂറോ സർജനെ കാണാൻ ഉപദേശിച്ചു. ന്യൂറോ സർജൻ എം.ആർ.ഐ എടുക്കാൻ നിർദ്ദേശിച്ചു. എം.ആർ.ഐ റിസൽട്ടിന് ശേഷം ഡോക്ടർ എഴുതിയ മരുന്ന് വാങ്ങാൻ സാധിച്ചിരുന്നില്ല. പിന്നീട് റിസൽട്ട് മകൻ അയ്യൂബി വഴി കോട്ടയത്തെ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. സാജനെ കാണിച്ചു. ഡോക്ടറാണ് രോഗത്തിന്റെ ഭീകരാവസ്ഥയെ പറ്റി പറഞ്ഞത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹമുള്ള കുഴലുകൾ അടഞ്ഞുപോകുന്ന അവസ്ഥയുണ്ടെന്നും ശരീരത്തിന്റെ തളർച്ചക്ക് അതാണ് കാരണമെന്നും ഡോക്ടർ പറഞ്ഞു.
എത്രയും വേഗം ചികിത്സ വേണമെന്നും ഡോക്ടർ പറഞ്ഞു. പിന്നീട് കോഴിക്കോടുള്ള ന്യൂറോളജിസ്റ്റിനെയും കാണിച്ചു. അദ്ദേഹവും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. എത്രയും വേഗം മേജർ സർജറി ചെയ്തില്ലെങ്കിൽ പ്രതിസന്ധി മൂർച്ഛിക്കുമെന്ന് ഡോക്ടർ പറഞ്ഞു. ഏതു നിമിഷവും ശരീരം നിശ്ചലമായി പോയേക്കാം. അതേസമയം, സർജറി ചെയ്യാൻ നെഫ്രോളജിസ്റ്റിന്റെ അനുമതി ആവശ്യമാണ്. ക്രിയാറ്റിൻ ലെവൽ 6.2 ആണ്. ശരീരത്തിന്റെ ഏതോ ഭാഗത്തുനിന്ന് ഒരൽപം രക്തം വരുന്നതു കൊണ്ടാണ് ശരീരം തളർന്നു പോകാതിരുന്നതെന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ സർജറി അടക്കമുള്ള തുടർ ചികിത്സ ഈ ഘട്ടത്തിൽ പാടില്ലെന്ന ഉപദേശമാണ് നെഫ്രോളജിസ്റ്റ് നൽകിയത്. മൊബൈൽ ഉപയോഗിക്കരുതെന്ന് ഡോക്ടർമാരുടെ കർശന നിർദ്ദേശം ഉള്ളതുകൊണ്ടാണ് ഇതുവരെ വോയ്‌സ് വിടാതിരുന്നത്.
എനിക്ക് രോഗവുമായി ബന്ധപ്പെട്ട് ഒരു മാനസിക വിഷമവുമില്ല. അല്ലാഹു വിചാരിച്ചത് എല്ലാം നടക്കും. അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക. അല്ലാഹു നിശ്ചയിച്ച ദിവസം യാത്രപോയേ മതിയാകൂ. ഇനിയൊരു വോയ്‌സ് ഇട്ടുകൊണ്ട് എപ്പോഴും പ്രാർത്ഥിക്കണം എന്ന് പറയാൻ പറ്റുമോ എന്നറിയില്ല. ഇന്നലെയും ഇതുപോലെ ശരീരം കോടി വരുന്ന അവസ്ഥയുണ്ടായി. ചുണ്ടിൽ പുഞ്ചിരിയോടെ മരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചാണ് മഅ്ദനി പ്രസംഗം അവസാനിപ്പിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)