Sorry, you need to enable JavaScript to visit this website.

ഒരു സ്പൂൺ പോലും ഉയർത്താൻ കഴിഞ്ഞില്ല; ഭാവി ഇരുളടഞ്ഞതായി തോന്നി, അവസാനം ആ മഹാത്ഭുതം...

വിട... ഐതിഹാസിക കരിയറിനോട് വിട
സാനിയ ദുബായിലെ തന്റെ ടെന്നിസ് അക്കാദമിയിൽ 
അവസാന ഗ്രാന്റ്സ്ലാമായ ഓസ്‌ട്രേലിയൻ ഓപണിൽ രോഹൻ ബൊപ്പണ്ണക്കൊപ്പം റണ്ണേഴ്‌സ്അപ്പായപ്പോൾ 
ഹൈദരാബാദ് ഓപണിൽ കിരീടം നേടിയപ്പോൾ മാതാപിതാക്കൾക്കും അനുജത്തിക്കുമൊപ്പം. ഒരു ഇന്ത്യൻ താരം ആദ്യമായാണ് ഡബ്ല്യൂ.ടി.എ കിരീടം നേടിയത്. 

അന്തരീക്ഷത്തിൽ പുതിയ താരോദയത്തിന്റെ ലാഞ്ഛനകളില്ലാതെയാണ് സാനിയ മിർസ ഐതിഹാസിക കരിയറിനു ശേഷം റാക്കറ്റ് താഴെ വെക്കുന്നത്.

ഇന്ത്യൻ ടെന്നിസിലെ മാത്രമല്ല, ഇന്ത്യൻ വനിത  കായികരംഗത്തെ തന്നെ ഗോൾഡൻ ഗേളാണ് സാനിയ മിർസ. മഹേഷ് ഭൂപതി വിശേഷിപ്പിച്ചതു പോലെ പലതവണ സ്വന്തം പ്രതീക്ഷകളെ പോലും അതിശയിപ്പിച്ച കഥയാണ് സാനിയയുടേത്. എന്നാൽ രണ്ടു പതിറ്റാണ്ട് നീണ്ട കരിയറിനു ശേഷം സാനിയ റാക്കറ്റ് താഴെ വെക്കുമ്പോൾ അന്തരീക്ഷത്തിൽ പുതിയ ഇന്ത്യൻ താരോദയത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നതാണ് ദുഃഖകരമായ വാർത്ത. 2003 മുതൽ 2012 ൽ സിംഗിൾസിൽ വിരമിക്കുന്നതു വരെ ഇന്ത്യയുടെ നമ്പർ വൺ കളിക്കാരിയായിരുന്നു സാനിയ. 
പല കളിക്കാരും പ്രതീക്ഷ നൽകിയിരുന്നുവെന്ന് സാനിയ പറയുന്നു. പക്ഷേ പലരും കോളേജുകളിൽ ചേർന്ന ശേഷം കളിയിലേക്ക് തിരിച്ചുവന്നില്ല. അല്ലെങ്കിൽ നിർണായകമായ അടുത്ത ചുവട് വെക്കാൻ അവർക്ക് കഴിഞ്ഞില്ല -സാനിയ വിലയിരുത്തി. 


നിലവിൽ ഉയർന്ന റാങ്കുള്ള ഇന്ത്യൻ താരം മുപ്പതുകാരി അങ്കിത റയ്‌നയാണ് -ലോക റാങ്കിംഗിൽ 245 ാം സ്ഥാനത്താണ് അങ്കിത. ആദ്യ മുന്നൂറിലുള്ള മറ്റേക കളിക്കാരി കർമാൻ താണ്ടിയാണ് (265). ഡബ്ൾസിൽ ആദ്യ 200 റാങ്കിൽ സാനിയയെ കൂടാതെ ഒരു ഇന്ത്യൻ താരമേയുള്ളൂ. 5-10 വർഷമെങ്കിലുമെടുക്കും പുതിയ കളിക്കാരികൾ ഉയർന്ന റാങ്കിലെത്താനെന്ന് സാനിയ പറയുന്നു. 
ഇന്ത്യൻ വനിത ടെന്നിസുമായി ബന്ധപ്പെട്ട എല്ലാ നേട്ടങ്ങളും കുത്തകയാക്കിയ സാനിയ മിർസ രണ്ട് ദശകം നീണ്ട ഐതിഹാസികമായ കരിയറിനോടാണ് വിടചൊല്ലിയത്. വനിത പ്രൊഫഷനൽ ടെന്നിസ് കിരീടം നേടുന്ന പ്രഥമ ഇന്ത്യൻ താരമായ സാനിയ വനിത ഗ്രാന്റ്സ്ലാം കളിക്കുന്ന പ്രഥമ ഇന്ത്യക്കാരിയും ലോക ഒന്നാം റാങ്കിലെത്തിയ ആദ്യത്തെ ഇന്ത്യൻ വനിത താരവുമായിരുന്നു. 
ദുബായ് ഓപൺ ടെന്നിസിന്റെ വനിത ഡബ്ൾസ് ആദ്യ റൗണ്ടിൽ പുറത്തായതോടെയാണ് സാനിയ റാക്കറ്റ് താഴെ വെച്ചത്. സാനിയയും അമേരിക്കൻ കൂട്ടാളി മാഡിസൻ കീസും ആദ്യ റൗണ്ടിൽ പുറത്തായി. റഷ്യൻ ജോഡി വെറോണിക്ക കുദർമതോവയും ലുഡ്മില സാംസനോവയും ഇന്തോ-അമേരിക്കൻ കൂട്ടുകെട്ടിനെ 6-4, 6-0 ന് തകർത്തുവിട്ടു. അവസാന ഗ്രാന്റ്സ്ലാമായ ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപണിൽ സാനിയയും ബാല്യകാല സുഹൃത്തായ രോഹൻ ബൊപ്പണ്ണയും മിക്‌സഡ് ഡബ്ൾസിൽ ഫൈനലിലെത്തിയിരുന്നു.


ഡബ്ല്യൂ.ടി.എ കിരീടം നേടിയ ഏക ഇന്ത്യൻ താരമായ സാനിയ ആറ് ഗ്രാന്റ്സ്ലാം കിരീടങ്ങൾക്കുടമയാണ്. വനിത സിംഗിൽ ലോക റാങ്കിംഗിൽ ഇരുപത്തേഴാം സ്ഥാനത്തു വരെയെത്തി. പരിക്കു കാരണം സിംഗിൾസ് ഉപേക്ഷിക്കേണ്ടി വന്നപ്പോൾ ഡബ്ൾസിലേക്ക് തിരിയുകയും ലോക ഒന്നാം നമ്പറാവുകയും ചെയ്തു. വിവാഹിതയും മാതാവുമായ ശേഷം കോർട്ടിൽ തിരിച്ചെത്തുകയും സുപ്രധാന വിജയങ്ങൾ നേടുകയും ചെയ്തു. അവസാന പത്രസമ്മേളനത്തിൽ നാലു വയസ്സുകാരൻ ഇസ്ഹാൻ മിർസ മാലിക്കുമൊത്താണ് സാനിയ വന്നത്. 
സാനിയ പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ടീമിന്റെ മെന്ററായി ചുമതലയേറ്റിട്ടുണ്ട്. ഇന്ത്യയുടെ യുവ വനിത കായിക താരങ്ങൾക്ക് ആത്മവിശ്വാസം പകരുകയാണ് സാനിയയുടെ ദൗത്യം. എന്റെ റോളിന് ക്രിക്കറ്റുമായി ബന്ധമൊന്നുമില്ല. മാനസികമായി ഉത്തേജനം പകരുകയാണ് ഉദ്ദേശ്യം -മുപ്പത്താറുകാരി പറഞ്ഞു. ഇത്ര വലിയ തുകയും മാധ്യമ ശ്രദ്ധയുമൊക്കെ ആദ്യമായാണ് പലർക്കും ലഭിക്കുന്നത്. എളുപ്പം ശ്രദ്ധ തിരിഞ്ഞുപോവാൻ സാധ്യതയുണ്ട്. പിരിമുറുക്കം അനുഭവിക്കാനും വഴിയുണ്ട്. കഴിഞ്ഞ 20 വർഷം എന്റെയും ജീവിതം അങ്ങനെയായിരുന്നു. എന്റെ അനുഭവം പങ്കുവെക്കാനാണ് ഉദ്ദേശിക്കുന്നത്. അതുവഴി വനിത സ്‌പോർട്‌സിനെ മെച്ചപ്പെടുത്താനും സ്വീകാര്യമാക്കാനും സാധിക്കുമെന്നാണ് വിശ്വാസം -സാനിയ വിശദീകരിച്ചു. 
ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന നയിക്കുന്ന ടീമിൽ സോഫി ഡിവൈൻ, എലിസ് പെറി, രേണുക സിംഗ്, റിച്ച ഘോഷ്, ഹെതർ നൈറ്റ്, ഡെയ്ൻ വാൻ നീക്കർക്ക്, മെഗാൻ ഷുട് തുടങ്ങിയ പ്രമുഖ താരങ്ങളുണ്ട്. ദുബായിൽ സാനിയക്ക് ടെന്നിസ് അക്കാദമിയുണ്ട്.  


രണ്ടു തവണ ഡബ്ൾസ് ഫൈനലിലെത്തിയ ദുബായ് ഓപണിൽ പ്രതീക്ഷയോടെയാണ് സാനിയ അവസാന പോരാട്ടത്തിന് ഇറങ്ങിയത്. 2012 ൽ സാനിയയും റഷ്യയുടെ എലേന വെസ്‌നീനയും ഫൈനലിൽ അമേരിക്കൻ ജോഡി ലീസൽ ഹൂബർ-ലിസ റെയ്മണ്ട് കൂട്ടുകെട്ടിനോട് തോറ്റു. പിറ്റേ വർഷം സാനിയയും അമേരിക്കക്കാരി ബെഥാനി മാറ്റൈക്കും റഷ്യ-സ്ലൊവേനിയ ജോഡി നാദിയ പെട്രോവയോടും കാതറിന സ്രെബോട്‌നിക്കിനോടും കീഴടങ്ങി. മറ്റൊരു മുന്നേറ്റത്തോടെ വിട പറയാമെന്ന മോഹം ഇത്തവണ പൊലിഞ്ഞു. വിടവാങ്ങൾ പ്രതീക്ഷിച്ചതു പോലെയായില്ലെങ്കിലും ഇന്ത്യൻ കായികരംഗത്തെ ഐതിഹാസികമായ ഏടാണ് സാനിയയുടെ വിടവാങ്ങലോടെ അസ്തമിച്ചത്.


എട്ടാം വയസ്സിലാണ് സാനിയ റാക്കറ്റെടുത്തത്. സെക്കന്തറാബാദിലെ ജിംഖാന ഗ്രൗണ്ടിൽ പിതാവ് ഇംറാൻ മിർസയായിരുന്നു കോച്ച്. തുടക്കത്തിൽ സാനിയക്ക് നല്ലൊരു ട്രെയിനിംഗ് പാർട്ണറെ കണ്ടെത്താനോ നല്ല കോർട്ടുകളിൽ കളിപ്പിക്കാനോ ഇംറാന് സാധിച്ചിരുന്നില്ല. പക്ഷേ ചെറുപ്പം മുതൽ ആ ഫോർഹാന്റുകളിൽ നിന്ന് തീ വർഷിച്ചു. ഇംറാനും ഭാര്യ നസീമയും മകളുടെ സ്വപ്‌നങ്ങൾക്ക് എന്നും തണലായി നിന്നു. 2003 ൽ വിംബിൾഡൺ ഗേൾസ് ഡബ്ൾസിൽ കിരീടം നേടിയതോടെയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. 2005 ൽ ജന്മനാട്ടിൽ നടന്ന ഡബ്ല്യൂ.ടി.എ ടൂർണമെന്റിൽ ചാമ്പ്യനായി ചരിത്രം സൃഷ്ടിച്ചു. ആ ടൂർണമെന്റിൽ ഡബ്ൾസിലും കിരീടം നേടി. 


വനിത റാങ്കിംഗിൽ 27 ാം സ്ഥാനത്തെത്തിയത് സാനിയയുടെ കരിയറിലെ ഹിമാലയമായിരുന്നു. തൊട്ടുപിന്നാലെ പരിക്കു കാരണം ആറു മാസം വിട്ടുനിൽക്കേണ്ടി വന്നത് ഏറ്റവും വലിയ തിരിച്ചടിയും. ആ വെല്ലുവിളി അതിജീവിച്ചതാണ് സാനിയയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം. ഒരു സ്പൂൺ പോലും ഉയർത്താൻ കഴിയാതിരുന്ന ആ കാലത്ത് ഭാവി ഇരുളടഞ്ഞതായി തോന്നിയെന്ന് സാനിയ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ഗ്രാന്റ്സ്ലാം കിരീടങ്ങളിലേറെയും നേടിയത്, ഏഷ്യൻ ഗെയിംസിൽ എട്ടു മെഡലുകളും കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മെഡലും സ്വന്തമാക്കിയത്. ഒളിംപിക് മെഡൽ നേടാനായില്ലെന്നതാണ് ഏറ്റവും വലിയ സങ്കടം. ഒരു ഇന്ത്യൻ വനിത ടെന്നിസ് താരത്തിന് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്താൻ സാധിക്കുകയെന്നത് സ്വപ്‌നം പോലും കാണാൻ പറ്റാത്ത കാലമുണ്ടായിരുന്നു. 2015 ഏപ്രിൽ 13 ന് ആ മഹാദ്ഭുതമാണ് സംഭവിച്ചത്. 91 ആഴ്ച സാനിയ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. 

Latest News