കന്യാകുമാരി ജില്ലയിലെ തേങ്കാപട്ടണത്തിലായിരുന്നു എന്റെ ബാല്യകാലം. റമദാൻ പിറ കാണാൻ ആനപ്പാറ മലയിലേക്ക് കയറിപ്പോകുന്നതോടെയാണ് നോമ്പ് ഓർമ തുടങ്ങുന്നത്. നാട്ടുകാരും കൂട്ടുകാരും വലിയ ജനക്കൂട്ടം തന്നെ ചെങ്കുത്തായ മലയുടെ ഉച്ചിയിലെത്തി റമദാൻ പിറ നോക്കിയിരിക്കും. മാസപ്പിറവിയുടെ ആദ്യ ദൃശ്യം വളരെ കുറഞ്ഞ സമയമാണ് ഉണ്ടാവുക. നൂല് പോലെ ഒരു പാലടയാളം. ആയതിനാൽ തന്നെ കുട്ടികളായ ഞങ്ങളുടെ കണ്ണിൽ അത് പതിയാൻ പ്രയാസമാണ്. മുതിർന്നവർ മാസം എത്ര ചെറിയ ദൃശ്യമായാലും കണ്ടിരിക്കും. കുട്ടികളായ ഞങ്ങളെ കാണിക്കുമ്പോഴേക്കും അത് മാഞ്ഞിട്ടുണ്ടാകും. പിന്നീട് വലിയ ദൃശ്യത്തിൽ മറ കൂടാതെ കൺകുളിർക്കെ കാണും.
മാസപ്പിറവി കണ്ടാൽ അത് പിന്നീട് മറ്റുളളവരെ അറിയിക്കുന്ന ചുമതല ഒസ്സാന്മാർക്കാണ്(ബാർബർമാർ). അവർ പിറ കണ്ടു...പിറ കണ്ടു... എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു നടക്കും. ഇതോടെ നോമ്പായി. സ്ത്രീകളും പുരുഷന്മാരും കുട്ടികളും നോമ്പിനോട് ആഭിമുഖ്യം പുലർത്തുന്നവരാണ്. ഉച്ചവരെയുളള പകുതി നോമ്പാണ് കുട്ടിക്കാലത്ത്. പിറ്റേന്ന് പകുതി വീണ്ടും നോറ്റ് ഒന്നായി കണക്കാക്കും. പിന്നീട് മുതിർന്നപ്പോൾ പരിപൂർണ നോമ്പുകാരനായി.
തേങ്കാപട്ടണത്തിൽ പൊതുവെ മുസ്‌ലിംകളാണ് കൂടുതൽ. മൂന്ന് പ്രധാന പള്ളികളാണ് അവിടെയുളളത്. ഒന്ന് പ്രസിദ്ധമായ മാലിക് ദീനാർ പള്ളിയാണ്. പള്ളികളിൽ നമസ്‌കാരത്തിന് കൂടുതൽ ആളുണ്ടാകും. മസ്ജിദുകൾ സജീവമാകുന്ന കാലം കൂടിയാണ് റമദാൻ. നോമ്പ് കാലത്ത് പള്ളികളിലും പണക്കാരുടെ വീട്ടിലും നോമ്പ് കഞ്ഞിയുണ്ടാകുമെന്നതാണ് ഒരു പ്രത്യേകത.
പാവപ്പെട്ടവർക്ക് നോമ്പ് കഞ്ഞി പള്ളിയിൽ നിന്ന് ലഭിക്കും. നോമ്പ് കഞ്ഞി രണ്ടുവിധത്തിലുണ്ടാകും. ഒന്ന് മസാലകൾ ചേർത്ത മുളക് കഞ്ഞി, മറ്റൊന്ന് ചുക്ക് കഞ്ഞി. തേങ്കാപട്ടണത്തിൽ നോമ്പ് കാലത്ത് പകലിൽ അപൂർവമായാണ് കടകൾ തുറക്കുന്നത്. നോമ്പ് തുറക്ക് ശേഷം സജീവമാകും.
നോമ്പുതുറ, അത്താഴം എന്നിവ മാത്രമാണ് തേങ്കാപട്ടണം ഉൾപ്പടെയുളള തമിഴ്‌നാട്ടിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. അത്താഴത്തിന് വീട്ടുകാരെ വിളിച്ചുണർത്താൻ 'അത്താഴംമുട്ടു'കാരനുണ്ടാകും. രാത്രി പന്ത്രണ്ട് മണിയോടെ അത്താഴം മുട്ടി മുസ്‌ലിം വീടുകളിലെത്തും. തകരത്തിന്റ 'തപ്പോ', പാട്ടയോ ആയിരിക്കും കയ്യിലുണ്ടാവുക. അതിൽ കൊട്ടി ശബ്ദുമുണ്ടാക്കി ഓരോ വീട്ടുപടിക്കലുമെത്തി വീട്ടുടമസ്ഥന്റെ പേര് വിളിച്ചാണ് എഴുന്നേൽപ്പിക്കുക. 200 വീടുകൾ കയറിയിറങ്ങുമ്പോഴേക്കും പുലർച്ചെ മൂന്ന് മണികഴിഞ്ഞു കാണും. 'അത്താഴംമുട്ടി'ക്ക് അരി, പണം, വസ്ത്രം തുടങ്ങിയ ഓരോ വീട്ടുകാരും നൽകും.
അത്താഴത്തിന് ചോറും മീൻകറിയുമാണ് പ്രധാനം. മീൻ കറിയില്ലാതെ നോമ്പിന്റെ അത്താഴം ആലോചിക്കാനേ വയ്യ. എന്നാൽ നോമ്പ് തുറയിൽ വിഭവങ്ങൾ മാറും. അരിപ്പൊടിയിൽ ഒരുക്കുന്ന ഒറോട്ടി, അരിയും കോഴിമുട്ടയും ചേർത്തുണ്ടാക്കുന്ന ഓട്ടപ്പം, മുട്ടയും തേങ്ങാപ്പാലും ചേർത്തു തയ്യാറാക്കുന്ന നെയ്യറോട്ടി തുടങ്ങിയ നോമ്പിലെ പ്രത്യേക വിഭവങ്ങളാണ്. തറാവീഹ് കഴിഞ്ഞ് വന്നിട്ടുളള മുത്താഴ വിരുന്ന് ഞങ്ങളുടെ നാട്ടിലില്ല.
തമിഴ്‌നാട്ടിൽ പല സ്ഥലങ്ങളിലും വ്യത്യസ് രീതിയാണ് റമദാൻ മാസത്തിലുള്ളത്. നോമ്പ് ഒരുപോലെയാണെങ്കിലും ജീവിത രീതിയും ഭക്ഷണവും വ്യത്യസ്തമാണ്. തിരുനൽവേലിയിൽ മുസ്‌ലിംകളുണ്ടെങ്കിലും ആദ്യകാലത്ത് ആരാധന കർമങ്ങൾ ചിട്ടയായി ചെയ്യുന്നവർ കുറവായിരുന്നു. സ്ത്രീകളാണ് ഇബാദത്തുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഇന്ന് തീർത്തും സ്ഥിതി മാറി. പള്ളികൾ സദാ നിറയുന്ന കാഴ്ചയാണുള്ളത്.
ഖുർആൻ പാരായണത്തിന് കുട്ടികളും യുവാക്കളും സ്ത്രീകളുമൊക്ക സമയം കണ്ടെത്തുന്നു.
(തയാറാക്കിയത്: അഷ്‌റഫ് കൊണ്ടോട്ടി)