ന്യൂദൽഹി- മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.എസ്.പിയും കൈ കൊർക്കുന്നു. മധ്യപ്രദേശിൽ ബഹുജൻ സമാജ് വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയാൽ ദലിത് വോട്ടുകൾ കാര്യമായി നേടാമെന്നാണ് കോൺഗ്രസിന്റെ കണക്കൂകൂട്ടൽ. ഇരുപത് വർഷമായി ഏഴു ശതമാനം വോട്ട് ബി.എസ്.പി മധ്യപ്രദേശിലുണ്ട്. കോൺഗ്രസിന് 36 ശതമാനം വോട്ടുകളും. ബി.ജെ.പിക്ക് ഇവിടെ 45 ശതമാനം വോട്ടുകളാണുള്ളത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബി.ജെ.പിക്കും എതിരായ ശക്തമായ ജനവികാരം ഫലപ്രദമായി ഉപയോഗിക്കാനാണ് കോൺഗ്രസ് തീരുമാനം. മധ്യപ്രദേശിന് പുറമെ, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്കും ബി.എസ്.പി-കോൺഗ്രസ് സഖ്യമുണ്ടാക്കാനും ചർച്ചകൾ നടക്കുന്നുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളിലും ബി.എസ്.പിക്ക് അഞ്ചും നാലും ശതമാനം വോട്ടുകളുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പിയും കോൺഗ്രസുമാണ് നേർക്കുനേർ മത്സരിക്കുന്നത്. ഇവിടങ്ങളിൽ പ്രാദേശിക പാർട്ടികളുടെ കൂടി സഹകരണത്തോടെ ബി.ജെ.പിയെ മലർത്തിയടിക്കാനാണ് കോൺഗ്രസ് തീരുമാനം.
പ്രാഥമിക ഘട്ട ചർച്ചകൾ മാത്രമാണ് ഇപ്പോൾ നടന്നത്. സഖ്യം സാധ്യമാകുന്ന തരത്തിലേക്കാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നാണ് ഇരു പാർട്ടികളിലെയും നേതാക്കൾ നൽകുന്ന സൂചന.