വാഷിംഗ്ടണ്‍- ഗ്വാണ്ടനാമോ ബേയിലെ യുഎസ് സൈനിക ജയിലില്‍നിന്ന് രണ്ട് പാകിസ്ഥാനികളെ കൂടി മോചിപ്പിച്ച് സ്വദേശത്തേക്ക് അയച്ചു. 20 വര്‍ഷത്തിലേറെയായി തടങ്കലില്‍ കഴിഞ്ഞ പാക് സഹോദരന്‍മാരായ അബ്ദുല്‍ റബ്ബാനി, മുഹമ്മദ് റബ്ബാനി എന്നിവരെയാണ് മോചിപ്പിച്ച് സ്വദേശത്തേക്ക് തിരിച്ചയച്ചതെന്ന് പെന്റഗണ്‍ അറിയിച്ചു.
ക്യൂബയിലെ യുഎസ് താവളത്തിലുണ്ടായിരുന്ന ഏറ്റവും പ്രായം കൂടിയ തടവുകാരില്‍ ഒരാളാണ് 1967ല്‍ ജനിച്ച അബ്ദുല്‍ റബ്ബാനി.
9/11 ഭീകരാക്രമണ സൂത്രധാരനായ ഖാലിദ് ശൈഖ് മുഹമ്മദിന് വേണ്ടി പ്രവര്‍ത്തിച്ചു, കറാച്ചിയില്‍ അല്‍ ഖാഇദക്ക് വേണ്ടി സുരക്ഷിത താവളം ഒരുക്കി തുടങ്ങിയ ആരോപണങ്ങളാണ് ഇയാള്‍ നേരിട്ടിരുന്നത്. എന്നാല്‍ അല്‍ഖാഇദയുടെ പ്രവര്‍ത്തന പദ്ധതികളെക്കുറിച്ച് ഇയാള്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നില്ലെന്ന് തടങ്കല്‍ വിലയിരുത്തല്‍ രേഖ സൂചിപ്പിക്കുന്നു.
ജ്യേഷ്ഠനെ തീവ്രവാദി വൃത്തങ്ങളിലേക്ക് റിക്രൂട്ട് ചെയ്തതുവെന്നായിരുന്നു 1969ല്‍ ജനിച്ച മുഹമ്മദ് റബ്ബാനിക്കെതിരായ ആരോപണം. 17 യുഎസ് നാവികരുടെ മരണത്തിനിടയാക്കിയ യുഎസ്എസ് കോള്‍ മിസൈല്‍ ഡിസ്‌ട്രോയര്‍ ചാവേര്‍ ബോംബാക്രമണത്തിന്റെ സൂത്രധാരനായ ഖാലിദ് ശൈഖ് മുഹമ്മദിനും അബ്ദുറഹീം അല്‍നാശിരിക്കും യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഫണ്ട് സംഘടിപ്പിച്ചതായും ആരോപിക്കപ്പെട്ടു.
2002 സെപ്തംബറില്‍ പാകിസ്ഥാന്‍ അധികൃതര്‍ കറാച്ചിയില്‍ വെച്ചാണ് ഇരുവരേയും അറസ്റ്റ് ചെയ്തിരുന്നത്. ബ്ലാക്ക് സൈറ്റുകള്‍ എന്നറിയപ്പെടുന്ന വിദേശ സി.ഐ.എ രഹസ്യ ജയിലുകളില്‍ പീഡനത്തിന് വിധേയരായ 17 തടവുകാരില്‍ ഒരാളാണ് മുഹമ്മദ് റബ്ബാനി.
2004ല്‍ ഗ്വാണ്ടനാമോ ബേയില്‍ എത്തിയ ഇരുവരേയും മോചിപ്പിക്കാന്‍ 2021ല്‍ അനുമതി നല്‍കിയിരുന്നതായി പ്രതിരോധ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
ഇവരുടെ മോചനത്തോടെ ഗ്വാണ്ടനാമോ ബേയില്‍ അവശേഷിക്കുന്ന തടവുകാരുടെ എണ്ണം 32 ആയി. ഇവരില്‍ 18 പേര്‍ കൈമാറ്റത്തിന് അര്‍ഹരാണ്, മൂന്ന് പേരുടെ മോചനം അവലോകനം ചെയ്യുന്നുണ്ട്. ഒമ്പത് പേര്‍ യു.എസ് മിലിറ്ററി കമ്മീഷനുകളില്‍ വിചാരണയിലാണ്. രണ്ട് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)