ന്യൂദല്‍ഹി- പവന് ഖേരക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അടുത്ത ദിവസം ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ പവന് ഖേരക്ക് ഇടക്കാല ജാമ്യം അനുവദിച്ചതായി കോടതി വ്യക്തമാക്കി. പവന് ഖേരയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരായ ഹരജി ഇന്ന് അടിയന്തരമായി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
കോണ്‍ഗ്രസ് നേതാവ് പവന് ഖേരയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ ഉച്ചയോടെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ അഭിഷേക് മനു സിങ്വിയാണ് സുപ്രീംകോടതിയില്‍ ഹാജരായത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദംകേട്ടത്. പവന് ഖേരയുടെ പരാമര്‍ശം ഒരു നാക്കുപിഴയായിരുന്നെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും അഭിഷേക് മനു സിങ്വി കോടതിയില്‍ പറഞ്ഞു. ഈ വീഴ്ചയ്ക്ക് പവന് ഖേര ക്ഷമാപണം നടത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി ദല്‍ഹി വിമാനത്താവളത്തിലെത്തിയ പവന് ഖേരയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരായ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് അസമില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ഛത്തീസ്ഗഢിലെ റായ്പുരിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനിരിക്കെ പവന് ഖേരയെ വിമാനത്തില്‍നിന്ന് പുറത്തിറക്കുകയും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇതോടെ വിമാനത്തിലുണ്ടായിരുന്ന മറ്റുകോണ്‍ഗ്രസ് നേതാക്കളും റണ്‍വേയിലിറങ്ങി പ്രതിഷേധിച്ചു.